ernakulam local

ശമ്പളം വെട്ടിക്കുറക്കല്‍; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ അധികം ജോലിചെയ്ത് പ്രതിഷേധിക്കും

കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ഈ മാസം 29ന് ഒരു മണിക്കൂര്‍ അധിക ജോലി ചെയ്ത് ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുന്നു.
സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തില്‍ ആരോഗ്യവകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലേയും ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ പങ്കാളിയാവുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അസിസ്റ്റന്റ് സര്‍ജന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എന്നീ വിഭാഗത്തില്‍ 4750 രൂപയും അസിസ്റ്റന്റ് ഡയറക്ടര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ 12,400 രൂപയും ഡിഎച്ച്എസിന് 8400 രൂപയുമാണ് അടിസ്ഥാന ശമ്പളത്തില്‍ കുറവ് വരുത്തിയിരിക്കുന്നത്.
എന്‍ട്രി കേഡര്‍ മുതല്‍ എല്ലാ പ്രമോഷന്‍ പോസ്റ്റുകളിലും അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. സ്‌പെഷ്യല്‍ പേയിലും മറ്റ് അലവന്‍സുകളിലുമുള്ള അപാകതകള്‍ പരിഹരിക്കണം. മെഡിക്കല്‍ ഓഫിസര്‍മാരുടെ തസ്തിക വര്‍ധിപ്പിക്കണം. സിവില്‍ സര്‍ജന്‍, അസിസ്റ്റന്റ് സര്‍ജന്‍ അനുപാതം 1:3 ആക്കണം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍ രൂപീകരിക്കണം. കോടികള്‍ പാഴാക്കി ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം എന്നീ ആവശ്യങ്ങളും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.
ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള യാതൊരു ഉത്തരവും ശമ്പള പരിഷ്‌ക്കരണ ഉത്തരവിലില്ല. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. മധു, വൈസ്പ്രസിഡന്റ് ഡോ. ദിലീപ് കുമാര്‍, ജില്ലാ പ്രസിഡന്റ് പി സുനില്‍, മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. ഹനീഷ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it