Gulf

ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരുന്ന മുഴുവന്‍ തൊഴിലാളികളും നാട്ടിലേക്കു മടങ്ങി

ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരുന്ന മുഴുവന്‍ തൊഴിലാളികളും നാട്ടിലേക്കു മടങ്ങി
X
indians back to home-iff

എം ടി പി റഫീക്ക്

ദോഹ: ആറ് മാസത്തോളമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരുന്ന വക്‌റയിലെ നിര്‍മാണ തൊഴിലാളികളില്‍ മുഴുവന്‍ പേരും ഇന്നലെ നാട്ടിലേക്ക് മടങ്ങി. 2 ഇന്ത്യക്കാരുള്‍പ്പെടെ 31 പേരാണ് ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെട്ടിരുന്നത്. ഇക്കാര്യം ഗള്‍ഫ് തേജസ് റിപോര്‍ട്ട് ചെയ്യുകയും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഉള്‍പ്പെടെയുള്ള സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഇടപെടുകയും ചെയ്തിരുന്നു. ഇതില്‍ 22 പേര്‍ ശമ്പള കുടിശ്ശിക ലഭിച്ചതിനെ തുടര്‍ന്ന് നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു. മലയാളിയായ മണി ആശാരി(മണിയന്‍) ഉള്‍പ്പെടെ ഒമ്പതു പേരാണ് ഇന്നലെ നാട്ടിലേക്ക് തിരിച്ചത്. യുപി സ്വദേശി മോത്തി യാദവ്, നേപ്പാള്‍ സ്വദേശികളായ ശംഭു സര്‍മ, രാംചന്ദര്‍ യാദവ്, ബാബു നാം സുദിഹാര്‍, ഹരേ റാം സുദിഹാര്‍, ലാല്‍ ബഹദൂര്‍ ശര്‍മ, സൂരജ് സദ, കാമേശ്വര്‍ ശര്‍മ എന്നിവര്‍ക്ക് കമ്പനി ഫെബ്രുവരി വരെയുള്ള ശമ്പളവും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും നല്‍കി. മണിയനും മോത്തിയാദവും ഇന്നലെ രാത്രിയുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലും ബാക്കിയുള്ളവര്‍ ഫ്‌ളൈ ദുബയ് വിമാനത്തിലുമാണ് യാത്രയായത്. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പബ്ലിക് റിലേഷന്‍ ഇന്‍ചാര്‍ജ് ബഷീര്‍ കടിയങ്ങാട്, മജീദ് മേപ്പയൂര്‍ എന്നിവര്‍ ഇവരെ യാത്ര അയച്ചു.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ നിയമ നടപടികള്‍ മൂലമാണ് ഇവരുടെ യാത്ര വൈകിയത്. കഴിഞ്ഞ ദിവസം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തയതിനെ തുടര്‍ന്നാണ് കമ്പനി ശമ്പള കുടിശ്ശിക നല്‍കിയത്. ഇവര്‍ക്ക് വേണ്ട നിയമസഹായവയും ഭക്ഷണവും സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണ് നല്‍കിയിരുന്നത്.
സാമൂഹിക പ്രവര്‍ത്തകരും ഖത്തറിലെ വ്യാപാര സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ സഹായിച്ചതായി ബഷീര്‍ കടിയങ്ങാട് ഗള്‍ഫ് തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it