ശമ്പളം നല്‍കാത്ത ചാനല്‍ ഉടമകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം: വൈക്കം വിശ്വന്‍

തിരുവനന്തപുരം: ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാത്ത ചാനല്‍ ഉടമകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ഇന്ത്യാവിഷന്‍, ടിവി ന്യൂ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളിലെ തൊഴില്‍ അനശ്ചിതത്വത്തിനും വേതനമില്ലായ്മയ്ക്കുമെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാന്യമായി ശമ്പളം നല്‍കുന്ന ചാനലുകള്‍ കേരളത്തിലുണ്ട്. മാസങ്ങളായി ശമ്പളം നല്‍കാത്ത ചില ചാനലുകളും ഇവിടെയുണ്ട്. ചെയ്ത ജോലിക്ക് ശമ്പളം നല്‍കാന്‍ ജീവനക്കാര്‍ പലതവണ മാധ്യമ മുതലാളിമാരെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്ത്രിയെ മാധ്യമപ്രവര്‍ത്തകരുടെ യൂനിയന്‍ സമീപിച്ചിട്ടും നിഷേധാത്മക നിലപാട് സ്വീകരിച്ചത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം പന്ന്യന്‍ രവീന്ദ്രന്‍, എംഎല്‍എമാരായ വി എസ് സുനില്‍കുമാര്‍ പിടിഎ റഹീം, പി സി ജോര്‍ജ്, ഉഴവൂര്‍ വിജയന്‍, നീലലോഹിതദാസന്‍ നാടാര്‍, കടകംപള്ളി സുരേന്ദ്രന്‍, വി വി രാജേഷ്, എസ് സുരേഷ്, പി വി ജോസ്, എല്‍ഐസി എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് എന്‍ ഗണപതി കൃഷ്ണന്‍, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍, മറ്റു നേതാക്കളായ എന്‍ പത്മനാഭന്‍, എസ് ബിജു, ഡി രാജ്‌മോഹന്‍, ബി എസ് പ്രസന്നന്‍ സംസാരിച്ചു. പാളയത്തെ സ്വദേശാഭിമാനി സ്മൃതികുടീരത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനമായാണ് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.
Next Story

RELATED STORIES

Share it