ശമ്പളം ഏഴു വര്‍ഷം വൈകി;അധ്യാപകന് പലിശ ഈടാക്കാമെന്ന്മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഏഴുവര്‍ഷം മുമ്പ് വിരമിച്ച പ്രധാനാധ്യാപകന് 2007ലെ ശമ്പളം 2014ല്‍ നല്‍കിയ സംഭവത്തില്‍ പലിശ ഈടാക്കാന്‍ ഉത്തരവ്. വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നാണു പലിശ ഈടാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടത്. പൊന്‍കുന്നം മുരിക്കുംവയല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന എബ്രഹാം ജോസ് സമര്‍പ്പിച്ച പരാതിയിലാണു നടപടി. ഒടുവില്‍ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് (ലാസ്റ്റ് പേ സര്‍ട്ടിഫിക്കറ്റ്) നല്‍കാന്‍ ഏഴുവര്‍ഷത്തെ കാലതാമസം വരുത്തിയതുകാരണമാണു ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടത്.
സര്‍വശിക്ഷാ അഭിയാനില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏഴു വര്‍ഷമെടുത്തത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പെന്‍ഷന്‍ നിഷേധിക്കപ്പെട്ടിരുന്നു. 2003 മുതല്‍ 2007 വരെ എബ്രഹാം ജോസ് സര്‍വശിക്ഷാ അഭിയാന്റെ (എസ്എസ്എ) കീഴില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ ജോലിചെയ്തിരുന്നു. 2014 ജനുവരി രണ്ടിനാണ് എസ്എസ്എയില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
ട്രഷറിയില്‍ നല്‍കിയപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ക്ലെയിമായതിനാല്‍ സര്‍ക്കാന്‍ ഉത്തരവ് ആവശ്യമാണെന്നു പറഞ്ഞ് മടക്കി. 2014ല്‍ സര്‍ക്കാര്‍ ഉത്തരവുപ്രകാരം 2 ദിവസത്തെ ശമ്പളം കിട്ടിയെങ്കിലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇനിയും കാലതാമസം വരുത്തിയാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ പലിശ നല്‍കാന്‍ ബാധ്യസ്ഥരാവുമെന്നും ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it