ശബ്ദസംവിധാനത്തിലെ പിഴവ്; നാടകവേദി മാറ്റി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോ—ല്‍സവത്തില്‍ ഹയര്‍ഡസെക്കന്ററി വിഭാഗം നാടക മല്‍സരത്തില്‍ വേദിയില്‍ ഉയര്‍ന്ന പരാതികള്‍ സംഘാടകര്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ഹൈസ്‌കൂള്‍ വിഭാഗം നാടക മല്‍സരവേദി കാണികള്‍ കയ്യേറി പ്രതിഷേധിച്ചു. പ്രതിഷേധം മണിക്കൂറുകള്‍ നീണ്ടപ്പോള്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സജീകരിച്ചിരുന്ന വേദി പൂജപ്പുര മൈതാനത്തിലേക്ക് മാറ്റി. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കേണ്ട നാടകമല്‍സരം പത്തരയോടെയാണ് ആരംഭിച്ചത്.
ആദ്യ മത്സരത്തില്‍ തന്നെ സംഭാഷണം വ്യക്തമാകാത്തതിനെ തുടര്‍ന്ന് കാണികള്‍ പ്രതിഷേധിച്ച് വേദിയിലേക്ക് കയറി. തുടര്‍ന്ന് നാടക പ്രവര്‍ത്തകര്‍ പ്രശ്‌നം ഏറ്റെടുത്തു. എല്ലാ വര്‍ഷവും നാടകവേദി സംബന്ധിച്ച് വ്യാപക പരാതി ഉയരാറുണ്ടെങ്കിലും അത് പരിഹരിക്കാന്‍ സംഘാടകര്‍ ശ്രമിക്കാറില്ല. പ്രശസ്ത നാടക സംവിധാകനായ സൂര്യ കൃഷ്ണമൂര്‍ത്തി നാടകത്തിന് അനുയോജ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും സംഘാടകര്‍ ചെവിക്കൊണ്ടില്ല.
തുടര്‍ന്ന് കാണികള്‍ പ്രതിഷേധം തുടരുകയായിരുന്നു. നാടക രംഗത്തെ പ്രമുഖരായ കൊച്ചുപ്രേമന്‍, നടി സേതു ലക്ഷ്മി എന്നിവരും വേദിയിലെത്തിയിരുന്നു. ഇവരും സജ്ജീകരണങ്ങളെ കുറ്റുപ്പെടുത്തി. ഹയര്‍സെക്കന്ററി നാടക മല്‍സരത്തില്‍ തന്നെ പരാതി രൂക്ഷമായിരുന്നിട്ടും അതു പരിഹരിക്കാന്‍ സംഘാടകര്‍ തുനിഞ്ഞില്ല. ഒട്ടും വ്യക്തതയില്ലാത്ത മൈക്കുകളാണ് വേദിയില്‍ സജീകരിച്ചിരുന്നത്. വിധികര്‍ത്താക്കള്‍ക്ക് പോലും സംഭാഷണം വ്യക്കതമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. പ്രതിഷേധം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. ഒടുവില്‍ സംഘാകര്‍ എത്തി ശബ്ദ സജ്ജീകരണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്ന് ഉറപ്പുനല്‍കി. മാത്രമല്ല ആദ്യം അവതരിപ്പിച്ച നാടകത്തിന് രണ്ടാം ക്ലസ്റ്ററിന്റെ അവസാനം വീണ്ടും അവസരം നല്‍കാമന്നും ഉറപ്പു നല്‍കി.
വീണ്ടും ശബ്ദ സജീകരണങ്ങള്‍ ഒരുക്കാന്‍ ഒന്നര മണിക്കൂറോളം വേണ്ടിവന്നു. നാടകം ആരംഭിക്കുന്നതിനായി കുട്ടികളെകൊണ്ട് മൈക്കിലൂടെ ഡയലോഗ് പറയിപ്പിച്ചു. അതും വ്യക്തതയില്ലാത്തതിനെ തുടര്‍ന്ന് കാണികള്‍ കൂവി. അതോടെ വീണ്ടും നാടകം ആരംഭിക്കാനുള്ള ശ്രമവും പാഴായി.
Next Story

RELATED STORIES

Share it