palakkad local

ശബ്ദപ്രചാരണം നാളെ സമാപിക്കും; തിരഞ്ഞെടുപ്പിനൊരുങ്ങി മണ്ഡലങ്ങള്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം നാളെ വൈകീട്ട് അഞ്ചിന് സമാപിക്കുമെന്നും അതത് രാഷ്ട്രീയ സംഘടനകള്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക സ്ഥലത്തു മാത്രം കൊട്ടിക്കലാശം നടത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ജില്ലയിലെ 1727 ബൂത്തുകളില്‍ 1663 ബൂത്തുകളിലും കുടിവെള്ള സൗകര്യം ലഭ്യമാക്കിയിട്ടുമുണ്ട്.
1711 ബൂത്തുകളില്‍ ടോയ്‌ലറ്റുകളും 1675 ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് പ്രത്യേക തണല്‍ ലഭിക്കുന്നതിനുള്ള ഷെഡ്ഡുകളും തയ്യാറായി. 1661 ബൂത്തുകളില്‍ വൈദ്യുതിയും 1655 ബൂത്തുകളില്‍ ഫര്‍ണിച്ചര്‍ സംവിധാനങ്ങളും തയ്യാറാക്കി കഴിഞ്ഞു. പുറത്തേക്കും അകത്തേക്കും കടക്കുന്നതിന് പ്രത്യേക സൗകര്യമുള്ള 1339 ബൂത്തുകളും റാമ്പ് സൗകര്യമുള്ള 1590 ബൂത്തുകളും ക്യു നില്‍ക്കുന്നതിന് സ്ഥലമുളള 1720 ബൂത്തുകളും പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമായി.
നാളെ എല്ലാ ബൂത്തുകളിലും നൂറു ശതമാനം ഒരുക്കങ്ങളും പൂര്‍ത്തിയാക്കും.ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് 161 എണ്ണമുള്ള നെന്മാറ നിയോജകമണ്ഡലത്തിലാണ്.
ഏറ്റവും കുറവ് തരൂര്‍-തൃത്താല മണ്ഡലങ്ങളിലും 131 ബൂത്തുകള്‍ വീതം.ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ 149 ബൂത്തുകളും പട്ടാമ്പിയിലും പാലക്കാടും 140 വീതം ബൂത്തുകളുമാണുള്ളത്. ഒറ്റപ്പാലത്ത് 157, കോങ്ങാട് 138, മണ്ണാര്‍ക്കാട് 147, ചിറ്റൂരില്‍ 146 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ ബൂത്തുകളുടെ ക്രമീകരണം.
തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 2973 പോലിസ് സേനാംഗങ്ങള്‍
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജില്ലയില്‍ 2973 അംഗ പോലിസ് സേനയെ വിന്യസിക്കുമെന്ന് ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ അറിയിച്ചു. സി ഐ എസ് എഫ്, സി ആര്‍ പി എഫ് എന്നിവരടങ്ങുന്ന കേന്ദ്ര സേനയേയും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലാകെ 39 ബൂത്തുകളെ പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബൂത്തുകളെ പ്രത്യേക സബ്ഡിവിഷനുകളായി തരംതിരിച്ചിട്ടുണ്ട്. 13 ഡിവൈഎസ്പിമാര്‍, 28 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 289 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 576 കേന്ദ്ര സേനാംഗങ്ങള്‍, 2067 സിവില്‍ പോലിസ് ഓഫീസര്‍മാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്.
കൂടാതെ 721 സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
സ്‌പെഷ്യല്‍ പോലിസ് ഓഫീസര്‍മാരായി തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചവര്‍ക്കുള്ള പരിശീലനം അതത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കീഴിലായിരിക്കും.
Next Story

RELATED STORIES

Share it