ശബരീശന് ചാര്‍ത്താനുള്ള തങ്കയങ്കി ഘോഷയാത്ര 23ന് ആരംഭിക്കും

പത്തനംതിട്ട: ഐതിഹ്യ പെരുമയില്‍ ശബരീശനു ചാര്‍ത്താനുള്ള തങ്കയങ്കി ഘോഷയാത്ര 23ന് ആരംഭിക്കും. ആറന്മുള ക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകള്‍ക്കു ശേഷമാണ് ഘോഷയാത്ര ശബരിമലയിലേക്കു പ്രയാണമാരംഭിക്കുക. 23നു രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര ആനക്കൊട്ടിലില്‍ തങ്കയങ്കി ഭക്തജന ദര്‍ശനത്തിനായി വയ്ക്കും.
ഏഴിനു പ്രത്യേക രഥത്തില്‍ തങ്കയങ്കി ഘോഷയാത്ര ആരംഭിക്കും. പാര്‍ഥസാരഥി ക്ഷേത്രസന്നിധിയില്‍ നിന്നു പുറപ്പെടുന്ന ഘോഷയാത്ര മൂര്‍ത്തിട്ട ഗണപതിക്ഷേത്രം, പുന്നംതോട്ടം, തിരുവഞ്ചാംകാവ് ദേവീക്ഷേത്രം വഴി 10ന് നെടുംപ്രയാര്‍ തേവലശ്ശേരി ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് കോഴഞ്ചേരി ടൗണ്‍, പാമ്പാടിമണ്‍, ഇലന്തൂര്‍ ഭഗവതിക്കുന്ന് ദേവീക്ഷേത്രം വഴി ഒന്നിന് ഇലന്തൂര്‍ നാരായണമംഗലത്ത് എത്തിച്ചേരും. മെഴുവേലി ആനന്ദഭൂതേശ്വരം, ഇലവുംതിട്ട ദേവീക്ഷേത്രം, മലനട, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം, കൈതവന, പ്രക്കാനം, ചീക്കനാല്‍, ഉരുപ്പമണ്‍ വഴി രാത്രി 9.30ന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ രാത്രി വിശ്രമിക്കും. 24ന് രാവിലെ എട്ടിന് ഓമല്ലൂരില്‍ നിന്ന് കൊടുന്തറ, അഴൂര്‍, പത്തനംതിട്ട വഴി 12.30ന് കടമ്മനിട്ട ഭഗവതിക്ഷേത്രത്തില്‍ എത്തിച്ചേരും.
മേക്കൊഴൂര്‍, മൈലപ്ര, പുളിമുക്ക്, വെട്ടൂര്‍, ഇളകൊള്ളൂര്‍, ചിറ്റൂര്‍മുക്ക്, കോന്നി ടൗണ്‍, ചിറയ്ക്കല്‍ വഴി രാത്രി 9.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. 25ന് രാവിലെ 7.30ന് ഇവിടെനിന്നു പുറപ്പെട്ട് അട്ടച്ചാക്കല്‍വഴി 9.30ന് വെട്ടൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. ഇവിടെ നിന്നു 11ന് പുറപ്പെട്ട് മൈലാടുംപാറ, കോട്ടമുക്ക് വഴി 12ന് മലയാലപ്പുഴ ദേവീക്ഷേത്രത്തിലും 2ന് റാന്നി രാമപുരം ക്ഷേത്രത്തിലും ഘോഷയാത്ര എത്തിച്ചേരും. ഇടക്കുളം ശാസ്താക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ്, പ്രയാര്‍, മാടമണ്‍ ക്ഷേത്രം വഴി രാത്രി 8.30ന് പെരുനാട് ക്ഷേത്രത്തില്‍ എത്തിച്ചേരും.
26ന് രാവിലെ എട്ടിന് ഇവിടെ നിന്നാരംഭിക്കുന്ന ഘോഷയാത്ര ളാഹസത്രം, പ്ലൂപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി 1.30ന് പമ്പയില്‍ എത്തിച്ചേരും. വൈകീട്ടാണ് തങ്കയങ്കിചാര്‍ത്തി ദീപാരാധന. രാജപ്രമുഖന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ അയ്യപ്പന് ചാര്‍ത്താനായി നടയ്ക്കുവച്ചതാണ് 451 പവന്‍ തൂക്കംവരുന്ന തങ്കയങ്കി.
Next Story

RELATED STORIES

Share it