thiruvananthapuram local

ശബരീനാഥന്‍ കോടീശ്വരന്‍; ശിവന്‍കുട്ടിയുടെ കൈയിലുള്ളത് 5,000 രൂപ

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചവരില്‍ കോടീശ്വരന്‍ യുഡിഎഫിന്റെ അരുവിക്കര സ്ഥാനാര്‍ഥി കെഎസ് ശബരി നാഥന്‍. ഒന്നേകാല്‍ കോടിയുടെ സ്വത്തുണ്ടെന്നാണ് ശബരീനാഥന്‍ വരണാധികാരിക്കു മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ ബാങ്കുകളില്‍ സ്ഥിരനിക്ഷേപമുള്‍പ്പടെയുള്ള സ്ഥാവരജംഗമസ്വത്തുക്കള്‍ 60,31,533 രൂപയാണ്. വിവിധയിടങ്ങളിലായി ആകെ 52 ലക്ഷം രൂപയുടെ സ്ഥാവരവസ്തുക്കളുടെ ആസ്തിയുമുണ്ട്.
സ്ഥാവരജംഗമ വസ്തുക്കള്‍ ഉള്‍പ്പടെ 1,12,31,533 രൂപയാണ് ആകെ ആസ്തി. വിവിധ സര്‍വേ നമ്പറുകളിലായി കുടുംബസ്വത്ത് ഉള്‍പ്പടെ 52,00,000 രൂപ കമ്പോളവിലയുള്ള ഭൂസ്വത്തും ശബരീനാഥനുണ്ട്. എസ്ബിടി ശാസ്തമംഗലം ശാഖയില്‍ വിവിധ അക്കൗണ്ടുകളിലായി 22,39,532 രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ഇതേ ബാങ്കില്‍ വിവിധ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലായി 22,50001 രൂപയാണ് പണമായുള്ളത്. 70,000 രൂപയുടെ ബോണ്ട് നിക്ഷേപങ്ങളും ശബരീനാഥന്റെ പേരിലുണ്ട്. 5.5 ലക്ഷം രൂപ വില മതിയ്ക്കുന്ന മാരുതി സ്വിഫ്റ്റ് കാറും സ്വന്തമായുണ്ട്. 22,000 രൂപയുടെ സ്വര്‍ണമോതിരം ഉള്‍പ്പെടെയാണ് ആകെ 60,31,533 രൂപയുടെ ജംഗമസ്വത്തുക്കള്‍.
നേമത്തു മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയുടെ കൈയില്‍ ആകെയുള്ളത് 5,000 രൂപയാണ്. ഭാര്യ ആര്‍ പാര്‍വതിദേവിയുടെ കൈയില്‍ 3,000 രൂപയും മകന്‍ പി ഗോവിന്ദ് ശിവന്റെ കൈവശം 2,500 രൂപയുമുണ്ട്. ശിവന്‍കുട്ടിയുടെ ആസ്തികളുടെ ആകെ മൂല്യം 3,83,230 രൂപയാണ്. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ ആകെ മൂല്യം 13,13,628 രൂപയും മകന്റെ സ്വത്തുക്കളുടെ മൂല്യം 25,500 രൂപയുമാണ്. ഇതില്‍ 3,25,000 രൂപ വിലയുള്ള വാഹനവും ഉള്‍പ്പെടുന്നു.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ശിവന്‍കുട്ടി സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. സിപിഎം ചാനലായ കൈരളിയുടെ നൂറുഷെയറുകള്‍ ശിവന്‍കുട്ടിയുടെ പേരിലുണ്ട്. ആയിരം രൂപയാണ് ഇതിന്റെ മൂല്യം. സ്വന്തം പേരില്‍ 2011 മോഡല്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറും (നിലവിലെ വിപണിവില 3.25 ലക്ഷം), ഭാര്യയുടെ പേരില്‍ 2015 മോഡല്‍ ഹുണ്ടായി ഐ 20 കാറുമുണ്ട് (നിലവിലെ വിപണിവില 4.4 ലക്ഷം). ഭാര്യയുടെ പേരില്‍ 2,62,628 രൂപയുടെ എല്‍ഐസി പോളിസിയുമുണ്ട്. സ്വന്തം കൈയില്‍ സ്വര്‍ണാഭരണങ്ങളൊന്നുമില്ല.
ഭാര്യയുടെ കൈവശം 20 പവന്‍ സ്വര്‍ണാഭരണങ്ങളുണ്ട് (4.4 ലക്ഷം മൂല്യം). ചെറുവയ്ക്കല്‍ വില്ലേജില്‍ ശിവന്‍കുട്ടിയുടെ പേരില്‍ ഏഴുസെന്റ് കൃഷിഭൂമിയുണ്ട്. തന്റെയും ഭാര്യയുടെയും പേരില്‍ കല്ലിയൂര്‍ വില്ലേജില്‍ 26 സെന്റ് കൃഷിഭൂമിയുണ്ടെന്നും ശിവന്‍കുട്ടി സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ഡിഎ കാട്ടാക്കട സ്ഥാനാര്‍ഥി പികെ കൃഷ്ണദാസിന് വിവിധ ബാങ്കുകളിലായി 5,20,560 രൂപ നിക്ഷേപമായുണ്ട്. ആറുഗ്രാം തൂക്കമുള്ള സ്വര്‍ണമോതിരവും കൈവശം ഉണ്ട്. തലശ്ശേരിയില്‍ 8.21 സെന്റ് വസ്തുവിനും വീടിനുമായി 15 ലക്ഷം രൂപ മതിപ്പ് വിലയും കണക്കാക്കുന്നു. ഭാര്യയുടെ പേരില്‍ ഒന്നേകാലേക്കര്‍ കുടുംബ ഓഹരി ഇനത്തില്‍ കിട്ടിയ വസ്തുവും അമ്പതു ഗ്രാം സ്വര്‍ണവുമുണ്ട്. രണ്ട് മക്കളുടെ പേരിലായി 27,600 രൂപയും നിക്ഷേപമായിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
സുരേന്ദ്രന്‍പിള്ളക്കും ഭാര്യയ്ക്കുമായി നാലേകാല്‍ കോടി രൂപയുടെ ആസ്തി
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കും ഭാര്യക്കുമായി 4,28,55,673 രൂപയുടെ ആസ്തിയുണ്ട്. നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളുള്ളത്.
ബാങ്ക് അക്കൗണ്ടില്‍ 14,26,800 രൂപയും പണമായി 10,500 രൂപയും 20,000 രൂപ മൂല്യമുള്ള എട്ടു ഗ്രാം സ്വര്‍ണമോതിരവുമുണ്ട്. സംയുക്ത അക്കൗണ്ടില്‍ 40,000 രൂപയും ചടയമംഗലത്ത് 17 ലക്ഷം രൂപ മൂല്യം വരുന്ന പിന്തുടര്‍ച്ചയായി കിട്ടിയ 90 സെന്റ് സ്ഥലവും 1000 സ്‌ക്വയര്‍ഫീറ്റ് വീടും കവടിയാറില്‍ 35 ലക്ഷം രൂപയുടെ ഫഌറ്റുമുണ്ട്. ഭാര്യയുടെ പേരില്‍ 86,58,373 രൂപ മൂല്യമുള്ള സ്വര്‍ണവും പണവും 2,75,00,000 വിലയുള്ള സ്ഥാവര ആസ്തിയും മാരുതി, ടൊയോട്ട, ഇന്നോവ, ടാങ്കര്‍ലോറി എന്നിങ്ങനെ നാലു വാഹനങ്ങളുമുണ്ട്.
ടി എന്‍ സീമയ്ക്ക് പത്തര ലക്ഷം രൂപയുടെ ആസ്തി
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ സീമയ്ക്ക് 10,52,248 രൂപയുടെ ആസ്തിയുണ്ടെങ്കിലും കൈയിലുള്ളത് 15,000 രൂപയാണ്. ഭര്‍ത്താവിന്റെ കൈവശം 10,000 രൂപയുണ്ട്. വിവിധ ബാങ്കുകളിലായി 2,59,248 രൂപയുണ്ട്. ഭര്‍ത്താവിന്റെ കൈവശം 80,147 രൂപയുണ്ട്. മലയാളം കമ്മ്യൂണിക്കേഷനില്‍ 500 രൂപയുടെ ഓഹരിയുണ്ട്. ഭര്‍ത്താവിന് 1000 രൂപയുടെ ഓഹരിയുണ്ട്.
സ്വന്തമായി നാലു ലക്ഷം രൂപ വില വരുന്ന കാറുണ്ട്. ഭര്‍ത്താവിന് രണ്ടു ലക്ഷം രൂപ വില വരുന്ന കാറുമുണ്ട്. 1,87,500 രൂപ വില മതിക്കുന്ന സ്വര്‍ണാഭരണങ്ങളുണ്ട്.
ജമീല പ്രകാശത്തിന്റെ കൈയിലുള്ളത് 25,000 രൂപ
കോവളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീലാ പ്രകാശിന്റെ കൈയില്‍ 25,000 രൂപയുണ്ട്. ഭര്‍ത്താവിന്റെ കൈവശം 20,000 രൂപയുമുണ്ട്. 30 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപങ്ങളാണ് ജമീലയുടെ പേരിലുള്ളത്. മൂന്നു ലക്ഷത്തിന്റെ കാറും 27 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളുമുണ്ട്. 35 ലക്ഷം കമ്പോളവില വരുന്ന ഭൂമിയുണ്ട്. ഭര്‍ത്താവിന്റെ കൈവശം 1,90,830 രൂപയുടെ നിക്ഷേപമുണ്ട്. ജമീലാ പ്രകാശിന് ആകെ ഒരു കോടിയോളം രൂപയുടെ ആസ്തിയുണ്ട്. കൃത്യമായി പറഞ്ഞാല്‍ 95,67,188 രൂപ. ഭര്‍ത്താവിന് 1,90,830 രൂപയുടെ ആസ്തിയാണുള്ളത്.
സി ദിവാകരന്റെ കൈവശം 3,000 രൂപ
തിരുവനന്തപുരം: നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ കൈവശം 3000 രൂപ.
മുട്ടത്തറ വില്ലേജില്‍ ഉദ്ദേശം 7 ലക്ഷം രൂപ വിലമതിക്കുന്ന പത്തര സെന്റ് സ്ഥലം, 8 ഗ്രാം തൂക്കമുള്ള 20,000 രൂപ വിലവരുന്ന ഒരു സ്വര്‍ണമോതിരം, 12 ലക്ഷം രൂപ വിലമതിക്കുന്ന 2011 മോഡല്‍ ഇന്നോവ കാര്‍, 51,476 രൂപയുടെ ബാങ്ക് നിക്ഷേപം, ഭാര്യയുടെ പേരില്‍ മുട്ടത്തറ വില്ലേജില്‍ ഏകദേശം 20 ലക്ഷം രൂപ വിലയുള്ള പത്തു സെന്റ് സ്ഥലത്ത് 2000 സ്‌ക്വയര്‍ഫീറ്റ് വരുന്ന ഒരു വീട്, ഏകദേശം അഞ്ചര ലക്ഷം രൂപ വില വരുന്ന 200 ഗ്രാം സ്വര്‍ണം, മൂന്നു ലക്ഷം രൂപ വില വരുന്ന 2012 മോഡല്‍ എ സ്റ്റാര്‍ കാര്‍, മൂന്നു ലക്ഷം രൂപ എന്നിവയാണ് സി ദിവാകരന്റെയും ഭാര്യ ടി വി ഹേമലതയുടെയും ആസ്തി.
വി ജോയിയുടെ കൈവശം 14,000 രൂപ
വര്‍ക്കല: വര്‍ക്കലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയി ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ പ്രവര്‍ത്തകര്‍ക്കും എല്‍ഡിഎഫ് നേതാക്കളായ ബി പി മുരളിക്കും അഡ്വ. സുന്ദരേശനും ഷാജഹാനും ജനതാദളിലെ സജീറിനും സിപിഐയിലെ രഞ്ജിത്തിനും ഒപ്പം വര്‍ക്കല ബ്ലോക്ക് ഓഫിസിലെത്തി ബ്ലോക്ക് സെക്രട്ടറി ടി ഗോപാലകൃഷ്ണപിള്ള മുമ്പാകെ നാമനിര്‍ദേശപത്രിക നല്‍കി. രാവിലെ വാഹനജാഥയായി ശിവഗിരിയിലെത്തി മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം വര്‍ക്കല രാധാകൃഷ്ണന്‍ സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. പത്രികയനുസരിച്ച് ഇദ്ദേഹത്തിന്റെ കൈവശമുള്ള പണം 14,000 രൂപ. പെരുങ്കുഴി എസ്ബിടിയില്‍ 18,342 രൂപയും സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കില്‍ 15,000 രൂപയുമാണ് സേവിങ്‌സായി ഉള്ളത്. മലയാളം കമ്മ്യൂണിക്കേഷനില്‍ 10,000 രൂപയുടെ ഷെയറും 2005 മോഡല്‍ ബജാജ് സ്‌കൂട്ടറും ഒരു പവന്‍ സ്വര്‍ണവും അഴൂര്‍ വില്ലേജില്‍ 31 സെന്റ് പുരയിടവും ഉണ്ട്. എസ്ബിടി പെരുങ്കുഴി ശാഖയില്‍ നിന്ന് 8 ലക്ഷം രൂപ ഹൗസിങ് ലോണെടുത്തിട്ടുണ്ട്. ജീവിതപങ്കാളിക്കു 16,96,693 രൂപയുടെ ആസ്തിയാണുള്ളത്.
വി ശശിയുടെ ആസ്തിയും ബാധ്യതയും എട്ടു ലക്ഷം
ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശശിയുടെ ആസ്തിയും ബാധ്യതയും എട്ടു ലക്ഷം രൂപ വീതം. അദ്ദേഹത്തിന് എട്ടു ലക്ഷം രൂപയുടെ ആസ്തിയാണ് ആകെയുള്ളത്. വസ്തുവകകളുടെ വിപണിവിലയിനത്തി ല്‍ 22.5 ലക്ഷത്തിന്റെ സ്വത്തും കൈവശമുണ്ട്. ഭാര്യയുടെ ആകെ ആസ്തി 15.7 ലക്ഷമാണ്. വി ശശിയുടെ കൈവശം 1200 രൂപയും ഭാര്യ എസ് സുമയുടെ കൈവശം 796 രൂപയും മകള്‍ രേഷ്മ വി ശശിയുടെ കൈവശം 480 രൂപയുമുണ്ട്. തിരുവനന്തപുരം പട്ടം വില്ലേജില്‍ 4.7 സെന്റില്‍ ഒരു വീടുണ്ട്.
Next Story

RELATED STORIES

Share it