ശബരി റെയില്‍പ്പാത: ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശബരി റെയില്‍പ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും റെയില്‍വേയുമായി ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാമെന്നു പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് ഉറപ്പുനല്‍കി. കസ്തൂരി രംഗന്‍ റിപോര്‍ട്ടിലെ അന്തിമ റിപോര്‍ട്ട് വൈകുന്നതിലെ ആശങ്കയും സര്‍വകക്ഷി സംഘം ഉന്നയിച്ചു. എന്നാല്‍, കേരളം ഇക്കാര്യത്തില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളില്‍നിന്നും ഇനിയും റിപോര്‍ട്ട് ലഭിക്കാനുണ്ടെന്നും ഇതിനു ശേഷം കഴിയുന്നത്ര വേഗത്തില്‍ തീരുമാനമുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാലവര്‍ഷക്കെടുതിയുടെ അവസ്ഥയും സംഘം വിവരിച്ചു. ഇതേക്കുറിച്ച് അനുദിനം റിപോര്‍ട്ട് ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്എന്‍എല്‍) കാര്യത്തില്‍ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഈ സ്ഥാപനം സംസ്ഥാന സര്‍ക്കാരിനു കൈമാറണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്ത നിലവിലെ സാഹചര്യം ഗൗരവമായ വിഷയമാണ്. ഇക്കാര്യത്തില്‍ നേരത്തേ വ്യോമയാന മന്ത്രിയുമായി ചര്‍ച്ചചെയ്തിരുന്നുവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഉന്നയിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു.
എച്ച്എന്‍എല്ലിന്റെ വില്‍പന ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോര്‍പറേറ്റുകള്‍ക്കൊപ്പം ടെന്‍ഡറിന്റെ ഭാഗമാവാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it