ശബരി മല ദര്‍ശനംസ്ത്രീകളെ വിലക്കാനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ അയ്യപ്പ വിഗ്രഹം ദര്‍ശിക്കാനുള്ള അവകാശത്തില്‍ നിന്ന് വിവേചനപരമായി ആരെയും വിലക്കാനാവില്ലെന്ന് സുപ്രിംകോടതി. സ്ത്രീകളെ മാത്രം ക്ഷേത്രപ്രവേശനത്തില്‍ നിന്ന് വിലക്കാന്‍ ആവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ശാരീരിക സവിശേഷതയുടെ പേരില്‍ ഒരു വിഭാഗത്തെ ക്ഷേത്ര പ്രവേശനത്തില്‍ നിന്ന് വിലക്കുന്നത് ഭരണഘടന തത്വങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തിയാണ്.
പിന്തുടരുന്ന ആചാരം അവിഭാജ്യമോ മാറ്റാന്‍ കഴിയാത്തതോ എന്നൊക്കെ പറഞ്ഞാലും, ഈ അടിസ്ഥാന തത്ത്വത്തില്‍ മാറ്റമില്ലെന്ന് കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. മതത്തിന് അനിവാര്യമായ ആചാരമാണെങ്കിലും ഭരണഘടനാ ലംഘനമുണ്ടായാല്‍ കോടതിക്ക് ഇടപെടാവുന്നതാണ്.
ആരാധനാ സ്വാതന്ത്ര്യത്തിനടക്കം ഭരണഘടന ഒരാള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ മറ്റു വ്യക്തികളുടെ അവകാശങ്ങളുമായി ചേര്‍ന്നു പോവുന്നതായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളിലെ ആരാധനാ സമയവും മറ്റും നിശ്ചയിക്കുന്നതിനേ തന്ത്രിക്കും അധികൃതര്‍ക്കും അധികാരമുള്ളൂ. അതില്‍ കോടതിക്ക് ഇടപെടാനാവില്ല.
വിശ്വാസങ്ങളുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കല്‍ കോടതിയുടെ ജോലിയല്ല. അജ്മീര്‍ ദര്‍ഗയ്ക്കും മറ്റും ലഭിക്കുന്ന പ്രത്യേക വിഭാഗമെന്ന പരിഗണന ശബരിമലയ്ക്ക് ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ ആരാധന നടത്തണമെങ്കില്‍ പ്രതിഷ്ഠയുടെ ബ്രഹ്മചര്യ സ്വഭാവം അംഗീകരിക്കണമെന്നായിരുന്നു സ്ത്രീ പ്രവേശന നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ എതിര്‍ത്തുകൊണ്ട് ക്ഷേത്രം തന്ത്രിയുടെ അഭിഭാഷകന്‍ വാദിച്ചത്.
Next Story

RELATED STORIES

Share it