Pathanamthitta local

ശബരിമല സീസണ്‍സ്‌ : പെഷ്യല്‍ പമ്പാ സര്‍വീസ് കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ബാധ്യതയാവും



പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് സീസണോട് അനുബന്ധിച്ചുള്ള കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍  പമ്പാ സര്‍വീസിനെതിരേ ആക്ഷേപം. 12 ഓപ്പറേറ്റിങ് സെന്ററുകള്‍ കേന്ദ്രീകരിച്ച് 156 ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വീസിനായി എത്തിക്കാനുള്ള ഉത്തരവ് ദിവസങ്ങള്‍ക്കു മുമ്പാണ് ഇറങ്ങിയത്. നിലവില്‍ ലാഭത്തിലോടുന്ന റൂട്ടുകളില്‍ നിന്ന് ബസുകള്‍ പിന്‍വലിച്ച് പമ്പാ സ്‌പെഷ്യല്‍ സര്‍വീസിനെത്തിക്കാനാണ് തീരുമാനം. ഇത് കെഎസ്ആര്‍ടിസിയെ വന്‍ നഷ്ടത്തിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് ജീവനക്കാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള സര്‍വീസിനായി കട്ടപ്പുറത്തിരിക്കുന്നത് അടക്കം കേടുപാടുകള്‍ പറ്റിയ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി നിരത്തിലെത്തിക്കാതെയാണ് ഉത്തരവ്. ലാഭകരമായ റൂട്ടുകളില്‍ നിന്ന് ബസുകള്‍ പിന്‍വലിക്കുന്നത് കെഎസ്ആര്‍ടിസിയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി മുമ്പും ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും മാനേജ്‌മെന്റ് അത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സീസണ്‍ കഴിയുമ്പോള്‍ വരുമാനനഷ്ട കണക്കുകള്‍ നിരത്തി നിലവിലുള്ള സര്‍വീസുകളില്‍ പലതും നിര്‍ത്താനും അധികൃതര്‍ മടിക്കില്ലത്രേ. മാത്രമല്ല, മുന്‍ വര്‍ഷങ്ങളില്‍ 200 ബസുവരെയാണ് പമ്പാ സര്‍വീസിനായി ഉപയോഗിച്ചിരുന്നത്. പമ്പ സെന്റര്‍(45) ചെങ്ങന്നൂര്‍ (30), കോട്ടയം (25), പത്തനംതിട്ട (10), എരുമേലി (10), കുമളി (10), കൊട്ടാരക്കര(ഒമ്പത്), തിരുവനന്തപുരം സെന്‍ട്രല്‍ (അഞ്ച്), എറണാകുളം (അഞ്ച്), അടൂര്‍ (മൂന്ന്), പന്തളം (രണ്ട്), കായംകുളം(രണ്ട്) എന്നിങ്ങനെയാണ് വിവിധ ഓപ്പറേറ്റിങ് സെന്ററുകളിലേക്ക് പമ്പ സ്‌പെഷ്യല്‍ സര്‍വീസിനായി ബസുകള്‍ അനുവദിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it