ശബരിമല: സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കും

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കിക്കൂടേയെന്ന സുപ്രിംകോടതിയുടെ പരാമര്‍ശത്തോട് പൂര്‍ണമായും വിയോജിപ്പു പ്രകടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന നിലപാടു വ്യക്തമാക്കി ദേവസ്വംമന്ത്രി വി എസ് ശിവകുമാറും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി.
നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ വച്ച് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് മന്ത്രി ശിവകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. വിഷയത്തില്‍ ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളുമാണ് വലുതെന്നും വിശ്വാസികളെ വ്രണപ്പെടുത്തുന്ന നീക്കങ്ങള്‍ക്കു തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും ആചാരവും പാരമ്പര്യവും അനുസരിച്ചേ സര്‍ക്കാരിനു മുന്നോട്ടുപോവാനാകൂവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കും. ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ക്കു വിലക്കില്ല. എന്നാല്‍, പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുപ്രിംകോടതി പരാമര്‍ശത്തെ അനുകൂലിച്ച് സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ ജി സുധാകരന്‍ രംഗത്തെത്തി. സുപ്രിംകോടതിയുടെ പരാമര്‍ശം ആവേശവും പ്രതീക്ഷയും നല്‍കുന്നതാണെന്നും സാമൂഹികനീതി ഉറപ്പാക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.
കവയിത്രി സുഗതകുമാരി കോടതി പരാമര്‍ശത്തോട് വിയോജിപ്പു രേഖപ്പെടുത്തി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും അയ്യപ്പനെ പ്രാര്‍ഥിക്കേണ്ടവര്‍ക്ക് പുറത്ത് ഇഷ്ടം പോലെ ക്ഷേത്രങ്ങളുണ്ടെന്നും സുഗതകുമാരി പറഞ്ഞു. ഉന്നതമായ നീതിപീഠം പറഞ്ഞാലും തെറ്റു തെറ്റാണ്. മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിനെ മനുഷ്യാവകാശ പ്രശ്‌നമായി കാണുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ശബരിമലയില്‍ യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ആചാര- വിശ്വാസ പരമായ കാരണങ്ങള്‍ സുപ്രിംകോടതിക്കു മുന്നില്‍ സമര്‍പ്പിക്കുമെന്ന് തന്ത്രികുടുംബ അംഗം രാഹുല്‍ ഈശ്വര്‍ അറിയിച്ചു.
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതു തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഭരണഘടനാപരമായ അവകാശമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് ആരെയും തടയാന്‍ കഴിയില്ലെന്നും സുപ്രിംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it