ശബരിമല: സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസാരിച്ചതെല്ലാം പ്രകോപനപരമായിട്ടായിരുന്നു. വിശ്വാസികളുടെ വികാരത്തെ മാനിക്കാന്‍ മുഖ്യമന്ത്രി തയാറാവുന്നില്ല. സുപ്രിംകോടതി വിധിയെ മാനിക്കാനാണെങ്കില്‍ എല്ലാ വിധിയോടും സര്‍ക്കാര്‍ സ്വീകരിച്ച നയം ഒന്നാണോയെന്നും അദ്ദേഹം ചോദിച്ചു.
വിധി നടപ്പാക്കുമ്പോള്‍ വരാനിടയുള്ള സ്ഥിതി മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. നിലവിലെ സ്ഥിതി രമ്യമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. മറ്റൊരു ആരാധനാലയത്തിന്റെ കാര്യത്തില്‍ വന്ന വിധിയില്‍ എട്ടുമാസമായി അനുരഞ്ജനശ്രമം നടക്കുകയാണ്. ശബരിമലയില്‍ ആ നയം സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമലയില്‍ കീഴ്‌വഴക്കങ്ങള്‍ക്കനുസരിച്ചു വേണം കാര്യങ്ങള്‍ നടപ്പാക്കാന്‍. ക്ഷേത്രവിശ്വാസങ്ങളെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായിക്കൂടാ. ശബരിമലയെ തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ട ഇടതുസര്‍ക്കാരിനുണ്ടോ എന്ന് സംശയമുണ്ട്. ബിജെപിക്കും ആര്‍എസ്എസിനും അവസരമൊരുക്കിനല്‍കിയത് സര്‍ക്കാരാണ്. കേരളത്തിലെ നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരേണ്ടതില്ല. സംസ്ഥാനത്തെ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it