ശബരിമല വിഷയത്തില്‍ ബിജെപിക്ക് നപുംസക നയം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭം കോണ്‍ഗ്രസ്സും യുഡിഎഫും പകുതിവഴിയില്‍ ഉപേക്ഷിച്ചുവെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ്സും യുഡിഎഫും ഈ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഇെല്ലന്നു തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം വിശ്വാസികളുടെ വികാരങ്ങള്‍ക്കു പിന്തുണ നല്‍കുകയും ചെയ്യുമെന്നും പ്രഖ്യാപിച്ചതുമാണ്.
ദേശീയതലത്തില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുകയും കേരളത്തില്‍ അതിനെതിരേ ജനങ്ങളെ ഇളക്കിവിട്ട് കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന ബിജെപിക്കാണ് നപുംസക നയമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ശബിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയെ ബിജെപിയും ആര്‍എസ്എസും ശക്തിയായി അനുകൂലിക്കുകയാണ് ആദ്യം ചെയ്തത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വിധി വന്ന ആദ്യ ദിവസങ്ങളില്‍ ഒരേ സമയം അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന സര്‍ക്കസ് കളിക്കുകയായിരുന്നു. പിന്നീട് കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാമെന്ന് കണ്ടപ്പോഴാണു ജനങ്ങളെ ഇളക്കിവിട്ട് രംഗത്തിറങ്ങിയത്. ഇപ്പോഴാവട്ടെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് എല്ലാ സംരക്ഷണവും നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തിനു കത്തയച്ചിരിക്കുകയാണ്. അതേസമയം തന്നെ സ്ത്രീപ്രവേശനത്തിനെതിരേ ബിജെപിക്കാര്‍ ഇവിടെ സമരം നടത്തുകയും ചെയ്യുന്നു. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമത്തിന് ഇന്ധനം പകരുകയാണു സിപിഎമ്മും സര്‍ക്കാരും ചെയ്യുന്നത്.
ശബരിമലയിലെ സംഘര്‍ഷത്തില്‍ ആര്‍എസ്എസും സര്‍ക്കാരും കൂട്ടുപ്രതികളാണ്. ബിജെപിയും സിപിഎമ്മും ഇക്കാര്യത്തില്‍ പരസ്പര സഹായസംഘം പോലെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനു പകരം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെക്കൊണ്ട് സുപ്രിംകോടതി വിധിക്കെതിെേര ഓര്‍ഡിനന്‍സ് ഇറക്കിപ്പിക്കുകയാണ് ശ്രീധരന്‍ പിള്ള ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it