ശബരിമല: വിധി നടപ്പാക്കും; നിലപാടില്‍ മാറ്റമില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കും. അതിന് എതിരുനില്‍ക്കുന്നവരെ ഒരുതരത്തിലും പ്രോല്‍സാഹിപ്പിക്കില്ല. കോടതിവിധിക്കെതിരേ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ക്രമസമാധാനപ്രശ്‌നങ്ങള്‍ ശക്തമായി തന്നെ നേരിടും. സമരക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ താന്‍ എങ്ങനെ ഉത്തരവാദിയാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നേരത്തേ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹിന്ദു ധര്‍മശാസ്ത്ര പണ്ഡിതരുടെ കമ്മീഷന്‍ വച്ച് അഭിപ്രായം തേടണമെന്നു പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അഭിപ്രായം അതാണ്. സര്‍ക്കാരിന് പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ല. പുരുഷനുള്ള എല്ലാ അവകാശവും സ്ത്രീക്കുമുണ്ട്. നിലയ്ക്കലില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ വാഹനം പരിശോധിച്ച് സ്ത്രീകളെ തിരിച്ചയക്കുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അതിനുള്ള അവകാശം ആര്‍ക്കുമില്ലെന്നും നിയമനടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ പോവാന്‍ ഏതെങ്കിലും വിശ്വാസികള്‍ ഭയക്കുന്നുണ്ടോ എന്ന് അറിയില്ല. ശബരിമലയില്‍ വിശ്വാസികള്‍ പോയി ശാന്തമായി തിരിച്ചുവരുകയാണ് പതിവ്. അതിനു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു വിരുദ്ധകാര്യങ്ങളുണ്ടായാല്‍ നടപടി സ്വീകരിക്കും. ദേവസ്വം ബോര്‍ഡിന്റെ കാര്യം അവരാണ് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Next Story

RELATED STORIES

Share it