ശബരിമല വിധിക്കെതിരേ വിശ്വാസികളെ തെരുവിലിറക്കിയത് ശരിയായില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരേ വിശ്വാസികളെ തെരുവിലിറക്കിയത് ശരിയായില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. തുറന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് സമരങ്ങള്‍ അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കോണ്‍ഗ്രസ്സിനും ബിജെപിക്കും ഗോളടിക്കാന്‍ അവസരം കിട്ടിയെന്നു മാത്രമേയുള്ളൂ. തമ്പ്രാക്കന്‍മാര്‍ പറയും അടിയാന്‍മാര്‍ അനുസരിക്കണം എന്ന നയം അംഗീകരിക്കില്ല. എസ്എന്‍ഡിപി യോഗം സമരത്തിനിറങ്ങില്ല. തന്ത്രി കുടുംബവും പന്തളം രാജകുടുംബവും മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് പോവാതിരുന്നത് മര്യാദകേടാണ്. ഗീബല്‍സിന്റെ സിദ്ധാന്തം പോലെ നുണ പറഞ്ഞു പറഞ്ഞ് സത്യമാക്കി സര്‍ക്കാരിനെതിരേ നീക്കം നടത്തുന്നു. പിണറായിയല്ല കോണ്‍ഗ്രസ്സുകാര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നാലും സുപ്രിംകോടതി വിധി മാനിക്കേണ്ടി വരും. ദേവസ്വം ബോര്‍ഡും മറ്റു സ്ഥാനങ്ങളും സവര്‍ണ വിഭാഗങ്ങളാണ് കൈയാളുന്നത്. നാലു ശതമാനം മാത്രമാണ് ഇവിടങ്ങളിലെ അവര്‍ണ പ്രാതിനിധ്യം. ശബരിമലയിലെ പല ചടങ്ങുകളും അവര്‍ണരില്‍ നിന്നു സവര്‍ണര്‍ പിടിച്ചെടുത്തു. 1991 നു ശേഷം മാത്രമാണ് സ്ത്രീ പ്രവേശനം ഇല്ലാതായത്. റിവ്യൂ പെറ്റീഷന്‍ നല്‍കിയ ശേഷം തീരുമാനം വരാന്‍ കാത്തിരിക്കാതെ തെരുവിലിറങ്ങുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സര്‍ക്കാരിനെതിരേ വ്യാജ പ്രചാരണം തുടര്‍ന്നാല്‍ ബദല്‍ പ്രചാരണത്തിന് എസ്എന്‍ഡിപി യോഗം മുന്നിട്ടിറങ്ങുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it