Flash News

ശബരിമല വലിയതന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു

ശബരിമല വലിയതന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു
X


ചെങ്ങന്നൂര്‍: ശബരിമല വലിയ തന്ത്രി കണ്ഠര് മഹേശ്വരര് (91) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂര്‍ മുണ്ടങ്കാവ് താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. അസുഖബാധയെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. പതിനേഴാം വയസ്സില്‍ ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങളില്‍ പങ്കാളിയായാണ് ഇദ്ദേഹം ശബരിമലയില്‍ എത്തുന്നത്. അച്ഛന്‍ കണ്ഠര് പരമേശ്വരരുടെ സഹോദരന്‍ കണ്ഠര് ശങ്കരരോടൊപ്പമാണ് ആദ്യമായി ശബരിമലയില്‍ എത്തിയത്. 1927 ജൂലൈ 28ന് കര്‍ക്കിടക മാസത്തിലെ പുണര്‍തം നാളിലായിരുന്നു ജനനം. ശബരിമല മാളികപ്പുറത്ത് ദുര്‍ഗ്ഗാക്ഷേത്രം പ്രതിഷ്ഠിച്ചത് കണ്ഠര് മഹേശ്വരരുടെ കാലത്താണ്. ശബരിമലയില്‍ അഗ്‌നിബാധയ്ക്ക് ശേഷം അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ച ചടങ്ങില്‍ സഹ കാര്‍മ്മികനായിരുന്നു ഇദ്ദേഹം. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉളളപ്പോഴും അത് വകവയ്ക്കാതെ താന്ത്രിക ചടങ്ങുകളിലും പൂജാ കര്‍മ്മങ്ങളിലും സജീവമായിരുന്നു.ശബരിമലയുമായി ബന്ധപ്പെട്ട് ഓട്ടേറെ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇദ്ദേഹം എടുത്തിട്ടുണ്ട്. പതിനെട്ടാം പടിക്ക് മുകളില്‍ പഞ്ചലോഹം പൊതിഞ്ഞപ്പോള്‍ പുന:പ്രതിഷ്ഠയും ആദ്യ പടിപൂയും നടത്തിയത് തന്ത്രി മഹേശ്വരരാണ്. ശബരിമലയിലാണ് ഏറ്റവും ഒടുവില്‍ പൂജ ചെയ്തത്. ഭാരതത്തില്‍ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇദ്ദേഹത്തന് താന്ത്രിക അവകാശമുളള ക്ഷേത്രങ്ങളുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അയ്യപ്പധര്‍മ്മ പ്രചാര സമിതി അവാര്‍ഡ്, വാഷിങ്ടണില്‍ നിന്ന് വേദ ആഗ്മസുധ അവാര്‍ഡ്, മുംബൈ ഡോമ്ബിവിലിയില്‍ നിന്ന് നമസ്‌കാര കീര്‍ത്തന അവാര്‍ഡ്, ആലുവ തന്ത്രവിദ്യാപീഠത്തിന്റെ തന്ത്രത്‌ന പുരസ്‌കാരം, താന്ത്രികരത്‌ന പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സംസ്‌ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: തിരുവല്ല കുഴിക്കാട്ട് ഇല്ലത്ത് ദേവകി അന്തര്‍ജനം. മക്കള്‍: തന്ത്രി കണ്ഠര് മോഹനര്, മല്ലിക(ഫെഡറല്‍ ബാങ്ക്, പേരൂര്‍ക്കട, തിരുവനന്തപുരം), ദേവിക. മരുമക്കള്‍: പന്തളം ഇടപ്പോണ്‍ ചെന്നാത്ത് ഇല്ലത്ത് ആശ, അങ്കമാലി മയിലക്കോട്ടു മനക്കല്‍ രവി നമ്പൂതിരി (കസ്റ്റംസ് ഡയറക്ടര്‍, ദില്ലി), ആറ്റിങ്ങല്‍ തോട്ടക്കാട്ട് മഠത്തില്‍ പരേതനായ ഈശ്വരന്‍ നമ്പൂതിരി. തന്ത്രി മഹേഷ് മോഹനരും, ടിവി അവതാരകന്‍ രാഹുല്‍ ഈശ്വറും ചെറുമക്കളും ശബരിമല തന്ത്രി കണ്ഠര് രാജീവര് സഹോദര പുത്രനുമാണ്.
Next Story

RELATED STORIES

Share it