Districts

ശബരിമല റോഡുകള്‍ ഹൈടെക് ആക്കാന്‍ സമഗ്രപദ്ധതി

കൊച്ചി: ശബരിമലയിലേക്കുള്ള മുഴുവന്‍ റോഡുകളും സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും ഹൈടെക് ആക്കുന്നതിന് സമഗ്രപദ്ധതി ഒരുങ്ങുന്നു. ശബരിമലയിലേക്കുള്ള 17 റോഡുകളില്‍ ഇപ്പോള്‍ ഗാരന്റിയോടെ ഹെവി മെയ്ന്റനന്‍സ് പൂര്‍ത്തിയായിട്ടുണ്ട്. മറ്റു റോഡുകളിലും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതുവരെ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ണമായും ഗതാഗതയോഗ്യമാക്കാനാണ് പൊതുമരാമത്തു വകുപ്പ് ലക്ഷ്യമിടുന്നത്.
കോടികള്‍ ചെലവിട്ട് വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനു പകരം വര്‍ഷങ്ങളോളം ഈടുനില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുകയാണ് ഉദ്ദേശം. ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടന സീസണിന്റെ ഭാഗമായി ശബരിമല റോഡുകളും അനുബന്ധ റോഡുകളും 100 ശതമാനവും ഗതാഗതയോഗ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. ശബരിമല റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. പൊതുമരാമത്തിനു കീഴിലുള്ള റോഡുകള്‍, ദേശീയപാത, കെഎസ്ടിപി എന്നീ വിഭാഗങ്ങളിലായി 682 പ്രവൃത്തികളാണ് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി പൂര്‍ത്തിയായിവരുന്നത്.
ഇതിനുപുറമെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മൂന്നു വര്‍ഷ ഗാരന്റിയോടെ 76 കോടി രൂപ ചെലവില്‍ ഹെവി മെയ്ന്റനന്‍സ് നടത്തുന്ന 115 കിലോമീറ്റര്‍ റോഡുകള്‍ പൂര്‍ണമായും ഗതാഗതയോഗ്യമായതായും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.ദേശീയപാതയില്‍ കൊല്ലം-തേനി റൂട്ടിലും പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയും ട്രാഫിക് സുരക്ഷ ഉള്‍പ്പെടെ ഓടനിര്‍മാണം, കലുങ്ക് വീതികൂട്ടല്‍, ഇന്റര്‍ലോക്കിങ് ടൈല്‍സ് പാകല്‍, ക്രാഷ് ബാരിയര്‍ സ്ഥാപിക്കല്‍ എന്നിവയുടെ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.
കെഎസ്ടിപി റോഡുകളില്‍ കഴക്കൂട്ടം- തൈക്കോട് റോഡും വെഞ്ഞാറമൂട്- ചെങ്ങന്നൂര്‍ റോഡും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. കോട്ടയം മുതല്‍ മൂവാറ്റുപുഴ വരെയും പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെയും ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തി 90 ശതമാനം കഴിഞ്ഞതായും പൊതുമരാമത്ത് വകപ്പ് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it