Kottayam Local

ശബരിമല : പൊന്‍കുന്നം ഡിപ്പോയിലെ ദീര്‍ഘദൂര സര്‍വീസുകള്‍ പ്രതിസന്ധിയിലാവും



പൊന്‍കുന്നം: ശബരിമല മണ്ഡലകാലത്ത് പൊന്‍കുന്നം ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പ്രതിസന്ധിയിലാവുമെന്ന ആശങ്ക ശക്തമാവുന്നു. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മണ്ഡലകാലത്ത് പുതിയ ബസ്സുകള്‍ അനുവദിച്ചില്ലെങ്കില്‍ സര്‍വീസുകളെല്ലാം താളംതെറ്റാനിടയാവും. ഒമ്പത് ഫാസ്റ്റും ഒരു സൂപ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുമാണ് ഡിപ്പോയില്‍നിന്നുള്ളത്. നാല് മലബാര്‍ സര്‍വീസിനായി ദിവസവും എട്ടുബസ്സുകള്‍ വേണം. അഞ്ചു ബസ്സിന്റെ ഫാസ്റ്റ് പെര്‍മിറ്റ് അടുത്തമാസം തീരുന്നതോടെ നാലു സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടിവരും. ഫാസ്റ്റ് പാസഞ്ചറായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ഈ ബസ്സുകള്‍ ഓര്‍ഡിനറി സര്‍വീസിനായി മാത്രമായിരിക്കും ഉപയോഗിക്കുക. മറ്റു ഡിപ്പോകളില്‍നിന്ന് ബസ്സുകള്‍ ലഭ്യമാക്കി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 25,000 മുതല്‍ 40,000 വരെ വരുമാനം നേടിത്തരുന്ന മലബാര്‍ സര്‍വീസുകള്‍ മുടങ്ങും. ഇങ്ങനെ വന്നാല്‍ ഡിപ്പോയുടെ വരുമാനത്തില്‍ 30 ശതമാനം കുറവുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാ വര്‍ഷവും ശബരിമല സീസണ്‍ തുടങ്ങുന്നതോടെ പുതിയ ബസ്സുകള്‍ ഡിപ്പോയിലെത്തുമായിരുന്നു. എന്നാല്‍, ഇത്തവണ പുതിയ ബസ്സുകള്‍ കോര്‍പറേഷന്‍ ലഭ്യമാക്കിയിട്ടില്ലെന്നാണ് ഡിപ്പോയില്‍ നിന്ന് ലഭിക്കുന്ന വിവരം. അടിയന്തരമായി പുതിയ ബസ്സുകള്‍ അനുവദിച്ച് മണ്ഡലകാലത്തെ യാത്രാക്ലേശം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it