ശബരിമല: പുനപ്പരിശോധനാ ഹരജികള്‍ക്ക് അടിയന്തര പ്രാധാന്യമില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹരജിക്ക് അടിയന്തര പ്രാധാന്യം നല്‍കാനാവില്ലെന്ന് സുപ്രിംകോടതി. പുനപ്പരിശോധനാ ഹരജിയാണ് സമര്‍പ്പിച്ചതെന്നും അതിന്റെ നടപടിക്രമം അനുസരിച്ച് സമയമാവുമ്പോള്‍ വാദം കേള്‍ക്കാമെന്നും ഇതുസംബന്ധിച്ച് ഉന്നയിച്ച അഭിഭാഷകരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. പുനപ്പരിശോധനാ ഹരജി സമര്‍പ്പിച്ച അയ്യപ്പ ഭക്തസംഘത്തിനു വേണ്ടി ഹാജരായ മാത്യു നെടുമ്പാറയാണ് കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടത്.
കേരളത്തിലെ ഒരു സ്ത്രീക്കുപോലും ശബരിമലയില്‍ പോവാന്‍ താല്‍പര്യമില്ലെന്നും ഈ മാസം 16ന് തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ നട തുറക്കുന്നതിനാല്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും മാത്യു നെടുമ്പാറ ആവശ്യപ്പെട്ടു. പൂജാ അവധികള്‍ക്കായി വെള്ളിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കു കോടതി അടച്ചിടുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതിനെ എതിര്‍ത്ത ചീഫ് ജസ്റ്റിസ്, പൂജാ അവധിക്കു കോടതി അടച്ചാല്‍ പിന്നെ തുറക്കില്ലേ എന്ന മറുചോദ്യവും ഉന്നയിച്ചു.
മുംബൈയിലെ ദേശീയ അയ്യപ്പഭക്തസംഘത്തെ കൂടാതെ എന്‍എസ്എസ്, പീപ്പിള്‍സ് ഫോര്‍ ധര്‍മ, പന്തളം രാജകുടുംബം, ചേതന എന്നിവര്‍ നല്‍കിയ അഞ്ചു പുനപ്പരിശോധനാ ഹരജികളാണ് ശബരിമല വിഷയത്തില്‍ സുപ്രിംകോടതി മുമ്പാകെയുള്ളത്.

Next Story

RELATED STORIES

Share it