ശബരിമല പരമ്പരാഗത പാത: ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു

വണ്ടിപ്പെരിയാര്‍: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത പാതയായ സത്രം വഴി പുല്ലുമേട്ടിലൂടെയും വള്ളക്കടവ് കോഴിക്കാനം വഴി പുല്ലുമേട് പാതയിലൂടെയും സ്ത്രീകളെ കടത്തിവിടുന്നതായി അഭ്യൂഹം പടര്‍ന്നതിനെ തുടര്‍ന്ന് വള്ളക്കടവ്, സത്രം എന്നിവിടങ്ങളില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു.
ഇതോടെ, പ്രദേശത്ത് കൂടുതല്‍ പോലിസും എത്തി. രണ്ടു പ്രദേശങ്ങളിലൂടെയുള്ള പാത വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാല്‍ ശബരിമല മണ്ഡലകാലത്ത് മാത്രമേ ഇതുവഴി തീര്‍ത്ഥാടകരെ കടത്തിവിടുകയുള്ളൂ. അതിനാല്‍ തന്നെ തീര്‍ത്ഥാടകര്‍ ഇതുവഴി എത്താനുള്ള സാധ്യതയും വിരളമാണ്. തീര്‍ത്ഥാടനകാലത്ത് വണ്ടിപ്പെരിയാറ്റില്‍ എത്തുന്ന അയ്യപ്പഭക്തര്‍ 13 കിലോമീറ്റര്‍ യാത്ര ചെയ്തു സത്രത്തില്‍ എത്തിയ ശേഷം വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് സത്രത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ പുല്ലുമേട്ടിലേക്കും ഇവിടെ നിന്ന് ഏഴു കിലോമീറ്റര്‍ സന്നിധാനത്തേക്കും കാല്‍നടയായി കടന്നുപോവുന്നത്.
രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ കടത്തിവിടുകയുള്ളൂ. മകരവിളക്ക് ദിവസം മാത്രമാണ് വള്ളക്കടവ് കോഴിക്കാനം വഴി തീര്‍ത്ഥാടകരെ കടത്തിവിടാറുള്ളത്. വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലായ പ്രദേശമായതിനാല്‍ പുല്ലുമേട് ദുരന്തത്തിനു ശേഷം തീര്‍ത്ഥാടന കാലയളവില്‍ പോലും പൂര്‍ണ നിയന്ത്രണത്തിലാണ് തീര്‍ത്ഥാടകരെ കാനനപാതയിലൂടെ കടത്തിവിടാറുള്ളത്.

Next Story

RELATED STORIES

Share it