ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്കെതിരേ പ്രതിഷേധം

മുണ്ടക്കയം (കോട്ടയം): ശബരിമല ദര്‍ശനത്തിനായി എത്തിയ കോട്ടയം കറുകച്ചാല്‍ സ്വദേശിയും അധ്യാപികയുമായ ബിന്ദുവിനെതിരേ മുണ്ടക്കയത്ത് പ്രതിഷേധം. പ്രതിഷേധക്കാരുമായുള്ള കൈയാങ്കളിക്കിടയില്‍ എസ്‌ഐക്കും സിവില്‍ പോലിസ് ഓഫിസര്‍ക്കും പരിക്കേറ്റു.
മലകയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഇന്നലെ രാവിലെ എരുമേലി സ്‌റ്റേഷനിലെത്തിയ ബിന്ദുവിനെ സ്‌റ്റേഷനു പുറത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടിയതോടെ മുണ്ടക്കയം പോലിസ് സ്‌റ്റേഷനിലേക്കു മാറ്റി. പ്രതിഷേധക്കാര്‍ക്കിടയിലൂടെ ബുദ്ധിമുട്ടിയാണ് യുവതിയെ സ്‌റ്റേഷനിലുള്ളിലെത്തിച്ചത്. പിന്നീട് ഏറെ നേരത്തിനു ശേഷം സ്‌റ്റേഷനു പിന്നിലൂടെ യുവതിയെ പുറത്തിറക്കുമ്പോള്‍ സ്‌റ്റേഷനു പുറത്ത് നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ പോലിസ് ജീപ്പ് തടഞ്ഞു ഡോര്‍ തുറന്നെങ്കിലും പോലിസുകാര്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി ജീപ്പില്‍ യുവതിയെ എരുമേലിക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ചുള്ള പിടിവലിക്കിടയില്‍ എസ്‌ഐ സന്തോഷ്‌കുമാറിന് പരിക്കേറ്റു. സ്‌റ്റേഷന്‍ റൈറ്റര്‍ പി എ സന്തോഷ് കുമാറിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ ബിജെപി പ്രവര്‍ത്തകരായ മധു, മനോജ്, ഉല്ലാസ്, ബാബു, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരേ മുണ്ടക്കയം പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it