Articles

ശബരിമല തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കാന്‍

വി എസ് ശിവകുമാര്‍

ശബരിമലയിലെ തീര്‍ത്ഥാടകബാഹുല്യമനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും ദര്‍ശനസൗകര്യം വിപുലമാക്കുന്നതിലും സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ജാഗ്രതയോടെയാണ്  പ്രവര്‍ത്തിക്കുന്നത്. ആണ്ടുതോറും ദര്‍ശനം നേടി മടങ്ങുന്ന എല്ലാവര്‍ക്കുമറിയാം, കഴിഞ്ഞ നാലരവര്‍ഷങ്ങളില്‍ ശബരിമലയിലുണ്ടായ വിപുലമായ മാറ്റങ്ങള്‍.ശബരിമലയുടെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിന്, ആദ്യമായി പണം മുടക്കിയ സര്‍ക്കാരാണിത്. ദേവസ്വം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല ഉന്നതാധികാരസമിതി മുഖേന നടപ്പാക്കിവരുന്ന മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ക്കായി മാത്രം 65 കോടി രൂപ അനുവദിച്ചു. ശബരിമലയെ മാലിന്യവിമുക്തമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള, സീറോവേസ്റ്റ് ശബരിമല പദ്ധതിക്കായി 10 കോടി രൂപയും നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്ന കോടിക്കണക്കിനു രൂപയ്ക്കു പുറമെയാണിത്.  ശബരിമലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയ വര്‍ഷമാണിത്. 61.27 കോടി രൂപയുടെ പൂര്‍ത്തീകരിച്ച മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ ഈ മാസം ഉദ്ഘാടനം ചെയ്തു. മലിനീകരണ വിപത്തിനെതിരേ 22.87 കോടി രൂപയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് സന്നിധാനത്ത് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. അഞ്ച് എംഎല്‍ഡി ശേഷിയുള്ള കൂറ്റന്‍ പ്ലാന്റാണിത്. ഖരമാലിന്യസംസ്‌കരണത്തിനായി മൂന്ന് ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തന നിരതമാണ്. മണിക്കൂറില്‍ 700 കിലോഗ്രാം മാലിന്യങ്ങള്‍ കത്തിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. പമ്പയിലെ ചെറിയാനവട്ടത്ത് ഇത്രതന്നെ ശേഷിയുള്ള രണ്ട് ഇന്‍സിനറേറ്ററുകളും നിലയ്ക്കലില്‍ 400 കിലോഗ്രാം ശേഷിയുള്ള മറ്റൊരെണ്ണവും പ്രവര്‍ത്തിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പമ്പയില്‍ ശേഖരിച്ച് റീസൈക്ലിങ് പ്ലാന്റിലെത്തിക്കുകയാണു ചെയ്യുന്നത്. ഭക്തജനങ്ങള്‍ക്കുവേണ്ടി മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള ഭാഗത്ത് ഈ വര്‍ഷം ആറ് ക്യൂ കോംപ്ലക്‌സുകള്‍ കൂടി സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ സ്ഥാപിച്ച രണ്ട് ക്യൂ കോംപ്ലക്‌സുകള്‍ക്ക് പുറമേയാണിത്. ഭക്തജനങ്ങള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനും ലഘുഭക്ഷണത്തിനുമുള്ള സൗകര്യം ഇവയില്‍ ലഭ്യമാണ്. ശബരിമലയിലെ കുടിവെള്ളക്ഷാമം പരിഹരിച്ചു. 20 ലക്ഷം ലിറ്ററിന്റെ രണ്ട് ജലസംഭരണികള്‍ കൂടി സ്ഥാപിച്ചു. ഇതോടെ സന്നിധാനത്ത് 1,76,00,000 ലിറ്റര്‍ ജലം സംഭരിക്കുന്നതിനുള്ള സംവിധാനമായി. സന്നിധാനത്ത് 4.35 കോടി രൂപ ചെലവില്‍ ഏരിയല്‍ ബഞ്ച്ഡ് കേബിളുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതീകരണവും അനുബന്ധ ജോലികളും പൂര്‍ത്തിയാക്കി. പമ്പയില്‍ 1.45 കോടി രൂപ വിനിയോഗിച്ച് ശര്‍ക്കര ഉള്‍പ്പെടെയുള്ള നിവേദ്യനിര്‍മാണസാമഗ്രികള്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണശാല സ്ഥാപിച്ചു. 3.78 കോടി രൂപ വീതം വിനിയോഗിച്ച് റസ്റ്റോറന്റ് ബ്ലോക്കും അന്നദാന ബ്ലോക്കും നിര്‍മിച്ചു. നിലയ്ക്കലില്‍ 8.14 കോടി രൂപ ഉപയോഗിച്ച് നടപ്പാതകളോടു കൂടി 14 മീറ്റര്‍ വീതിയുള്ള വലിയ റോഡുകള്‍, ഇന്റര്‍ലോക്ക് ടൈല്‍സ് വിരിച്ച് നവീകരിച്ച പാര്‍ക്കിങ് യാര്‍ഡുകള്‍, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന എട്ടു മീറ്റര്‍ വീതിയുള്ള റോഡുകള്‍, 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി, രണ്ട് കുഴല്‍ക്കിണറുകള്‍ എന്നിവയെല്ലാം നിര്‍മിച്ചു.   അടുത്ത വര്‍ഷത്തേക്ക് 35 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. മാളികപ്പുറത്ത് എട്ടുകോടി രൂപ ചെലവില്‍ പുതിയ തീര്‍ത്ഥാടന മണ്ഡപം, പമ്പയില്‍ 50 മുറികളുള്ള ഗസ്റ്റ്ഹൗസ്, മാലിന്യസംസ്‌കരണപ്ലാന്റ് മുതലായവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എല്ലാ ബജറ്റിലും ശബരിമല വികസനത്തിന് ഫണ്ട് നീക്കിവയ്ക്കുന്നുണ്ട്.  മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ നടപ്പാക്കിവരുന്നത് സര്‍ക്കാര്‍ ചെലവിലാണ്. ശബരിമല ഉള്‍പ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങളില്‍നിന്നു ദേവസ്വം ബോര്‍ഡുകള്‍ക്കു ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ വകമാറ്റി ഉപയോഗിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെയും ഭക്തജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി കോടിക്കണക്കിനുരൂപ ഖജനാവില്‍നിന്നു മുടക്കുകയാണു ചെയ്യുന്നത്. തീര്‍ത്ഥാടകരുടെ ചിരകാലാവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കി.  കാനനപാതയിലൂടെ വെയിലും മഴയും കൊള്ളാതെ യാത്രചെയ്യാന്‍ പമ്പ മുതല്‍ മരക്കൂട്ടം വരെ നടപ്പന്തലുകള്‍ സ്ഥാപിച്ചു. പമ്പ-സന്നിധാനം പാതയില്‍, മരക്കൂട്ടം ഭാഗത്ത്, സ്വാമി അയ്യപ്പന്‍ റോഡിനെയും ചന്ദ്രാനന്ദന്‍ റോഡിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അണ്ടര്‍പാസ് യാഥാര്‍ഥ്യമാക്കി. സ്വാമി അയ്യപ്പന്‍ റോഡ് ട്രാക്ടര്‍ ഗതാഗത യോഗ്യമാക്കി. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഇവിടെ എബിസി കേബിളുകള്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം സുഗമമാക്കി. കുടിവെള്ള വിതരണം വിപുലീകരിച്ചു. അതതിടങ്ങളില്‍ ടോയ്‌ലറ്റ് സംവിധാനം ഒരുക്കി. വിശ്രമത്തിണ്ണകള്‍ സ്ഥാപിച്ചു. സന്നിധാനത്തേക്കും തിരികെ പമ്പയിലേക്കും ചരക്കുഗതാഗതത്തിന് കഴുതകളെ ഉപയോഗിക്കുന്നത് ഒഴിവാക്കി. ശബരിമലയുടെ വികസനചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് പമ്പയിലെ ആരോഗ്യഭവന്‍. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോപ്പതി ചികില്‍സാസംവിധാനങ്ങള്‍ ഒരു കെട്ടിടസമുച്ചയത്തില്‍ ക്രമീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ ചികില്‍സാകേന്ദ്രമാണിത്. അത്യാഹിതവിഭാഗം, കാര്‍ഡിയോളജി, ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ്, ഓപറേഷന്‍ തിയേറ്റര്‍, ലബോറട്ടറി, ഫാര്‍മസി മുതലായ ആധുനിക സജ്ജീകരണങ്ങളെല്ലാം ഇവിടെയുണ്ട്. ഒരേസമയം 30 പേരെ കിടത്തിച്ചികില്‍സിക്കാനുള്ള സൗകര്യം, ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും താമസിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് അവിടങ്ങളില്‍നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കുന്നതിന് വിനിയോഗിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം വീതം ലഭ്യമാക്കാന്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനിന്ന കേസ് തീര്‍പ്പായ സാഹചര്യത്തില്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.    (ദേവസ്വം  മന്ത്രിയാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it