ernakulam local

ശബരിമല തീര്‍ത്ഥാടനം; പെരുമ്പാവൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

പെരുമ്പാവൂര്‍: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ പെരുമ്പാവൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പതിവിലും കൂടുതലായി. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സംസ്ഥാന പാതകളായ എഎം-എംസി റോഡുകള്‍ സന്ധിക്കുന്ന പ്രദേശമാണ് പെരുമ്പാവൂര്‍. വിവിധ വ്യവസായ മേഖലകള്‍, ലക്ഷത്തില്‍ പരം അന്യസംസ്ഥാനക്കാര്‍ അധിവസിക്കുന്ന പെരുമ്പാവൂരില്‍ ബൈപാസ്-റിങ് റോഡുകളുടെ അഭാവംമൂലം ഗതാഗതക്കുരുക്കിന്റെ പിടിയിലാണ്.
ശബരിമല സീസണ്‍ ആരംഭിച്ചതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് പതിവിലും കൂടുതലാണ്. തെരുവ് വ്യാപാരികള്‍ കുറവാണെങ്കിലും വന്‍കിട കച്ചവടക്കാര്‍ നടപ്പാതകള്‍ കൈയേറിയതുമൂലം കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാര്‍ ഇടമില്ലാതായി. കൂടാതെ അനധികൃത പാര്‍ക്കിങും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. വേണ്ട പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാലാണ് പൊതുജനങ്ങള്‍ വാഹനങ്ങള്‍ വഴിയോരങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്.
ഗതാഗതക്കുരുക്കുകൊണ്ട് വീര്‍പ്പ്മുട്ടുന്ന പെരുമ്പാവൂരില്‍ വാഹനംനിര്‍ത്തി സ്ഥാപനത്തില്‍ കയറി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കൂടാതെ വണ്‍വേ സംവിധാനവും താറുമാറാണ്. നടപ്പാതകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് നടപ്പാതകള്‍ നവീകരിച്ച് ഉയരത്തില്‍ കമ്പിവേലി സ്ഥാപിച്ച് കാല്‍നടയാത്രക്കാരുടെ യാത്ര സുഗമമാക്കണം. ഇതുവഴി നടപ്പാതകള്‍ കൈയേറുന്നത് ഒഴിവാക്കാനാവും. ശബരിമല സീസണ്‍ കഴിയുന്നതുവരെ നഗരത്തില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ച് ഗതാഗത നിയന്ത്രണം നടത്തണം. അനധികൃത പാര്‍ക്കിങ് തടയാന്‍ പോലിസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തകയും വേണം. ഇതുവഴി ഒരുപരിധിവരെ നഗരത്തിലെ ഗതാഗക്കുരുക്ക് പരിഹരിക്കാനാവും.
Next Story

RELATED STORIES

Share it