Kottayam Local

ശബരിമല തീര്‍ത്ഥാടനം: ഡോക്ടര്‍മാരും ജീവനക്കാരും എത്തിയപ്പോള്‍ ആശുപത്രിയില്ല

എരുമേലി: ശബരിമല തീര്‍ത്ഥാടനകാല സേവനത്തിന് എരുമേലിയില്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക ആശുപത്രിയില്‍ നിയമനം കിട്ടി ഡോക്ടര്‍മാരും ജീവനക്കാരുമെത്തിയപ്പോള്‍ ആശുപത്രിക്കു പകരം പഴക്കം ചെന്ന സ്‌കൂള്‍ കെട്ടിടം മാത്രം. ആശുപത്രിക്കുവേണ്ട സാധന സാമഗ്രികളൊന്നും കെട്ടിടത്തില്‍ എത്തിയിട്ടില്ല.
വിവരമറിയിച്ചപ്പോള്‍ ആരോഗ്യ വകുപ്പ് ഉടന്‍ ശരിയാക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ രണ്ട് ദിവസം കാത്തിരുന്നിട്ടും കെട്ടിടത്തില്‍ ആശുപത്രിയുടെ ബോര്‍ഡ് പോലും എത്തിയില്ല. വിവിധ ജില്ലകളില്‍ നിന്നു നിയമനം ലഭിച്ചെത്തിയ ഒരു ഡസനോളം ഡോക്ടര്‍മാരും ജീവനക്കാരും ഒടുവില്‍ ലോഡ്ജുകളില്‍ അഭയം തേടി. ഇന്നലെയും ഇവരെല്ലാം കെട്ടിടത്തില്‍ എത്തിയപ്പോള്‍ ആശുപത്രി കെട്ടിടം പഴയപടി തന്നെ. മണ്ഡല-മകരവിളക്ക് കാലം ആരംഭിക്കുന്നതിനു രണ്ട് ദിവസം മുമ്പ് താല്‍ക്കാലിക ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങണമെന്നാണ് കീഴ്‌വഴക്കം. ഇതു പ്രകാരം ഇത്തവണയും നേരത്തേതന്നെ ജീവനക്കാരെ ആരോഗ്യവകുപ്പ് നിയമിച്ചു. എന്നാല്‍ സൗകര്യമൊരുക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിനാണ്. വൈകിയാണ് ബോര്‍ഡിന്റെ ക്രമീകരണം ആരംഭിച്ചത്. ഇതാണ് ആശുപത്രിക്കു പ്രവര്‍ത്തനമാരംഭിക്കാന്‍ തടസ്സമായത്. വലിയമ്പലത്തിന് സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തനം നിര്‍ത്തിയ ദേവസ്വം ബോര്‍ഡിന്റെ പഴയ സ്‌കൂള്‍ കെട്ടിടമാണ് തീര്‍ത്ഥാടനകാലത്ത് താല്‍ക്കാലിക ആശുപത്രിയായി മാറുന്നത്.
ആയുര്‍വേദം, ഹോമിയോ, അലോപ്പതി, മലേറിയാ ക്ലിനിക്, ഹെല്‍ത്ത് സാനിട്ടേഷന്‍ വിഭാഗം, ശുചീകരണ തൊഴിലാളികളായ 125 പേരടങ്ങുന്ന തമിഴ് വിശുദ്ധിസേനയുടെ ക്യാംപ് എന്നിവയെല്ലാം ഈ സ്‌കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒപ്പം മൂന്ന് ആംബുലന്‍സുകളും, താല്‍ക്കാലിക ഫയര്‍ സ്റ്റേഷനും ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ഇത്തവണ പെയിന്റിങ് ഒഴിച്ചുള്ള സൗകര്യങ്ങളും ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനം വൈകുകയാണ്.
Next Story

RELATED STORIES

Share it