thiruvananthapuram local

ശബരിമല തീര്‍ത്ഥാടനം: കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന്



തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് സ്‌പെഷ്യല്‍ ട്രെയിനുകളും സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളും അനുവദിക്കണമെന്ന് സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ജി സുധാകരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണം. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കണം. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാകുന്ന തരത്തില്‍ കൊല്ലത്തേയ്‌ക്കോ തിരുവനന്തപുരത്തേയ്‌ക്കോ ദീര്‍ഘിപ്പിക്കണം എന്നീ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. നവംബര്‍ മാസം 16 മുതല്‍ ആരംഭിച്ച് 2018 ജനുവരി 20 വരെ നീളുന്ന ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കേരളത്തില്‍ എത്തുന്ന നാല് കോടിയില്‍പരം തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെയും റെയില്‍വേ സ്റ്റേഷനുകളില്‍ ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തിയാണ് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ചതെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ മണ്ഡല കാലത്ത് ഇന്ത്യന്‍ റെയില്‍വേ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും മെച്ചപ്പെട്ട സേവനം ഈ മണ്ഡലകാലത്ത് ഉണ്ടാകണമെന്നും കത്തില്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it