Kottayam Local

ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്നത് മലിനജലത്തില്‍

എരുമേലി: വെയില്‍ ചൂട് ശക്തമായതിനെ തുടര്‍ന്ന് തീര്‍ത്ഥാടക കേന്ദ്രമായ എരുമേലിയില്‍ കടുത്ത ജലക്ഷാമം. തീര്‍ത്ഥാടകര്‍ കുളിക്കുന്ന വലിയതോട്ടില്‍ നീരൊഴുക്ക് കുറഞ്ഞതോടെ മലിനീകരണം രൂക്ഷമായി.
തീര്‍ത്ഥാടകര്‍ കുളിക്കുന്നത് മാലിന്യങ്ങള്‍ നിറഞ്ഞ് കെട്ടിക്കിടക്കുന്ന ചെക്ക് ഡാമിലെ വെള്ളത്തില്‍. മണിമലയാറ്റിലെ കൊരട്ടിയില്‍ നിന്ന് കുഴലുകള്‍ വഴി വെള്ളമെത്തിച്ചാണ് തോട്ടില്‍ ജലവിതാനം നിലനിര്‍ത്തുന്നത്. എന്നാല്‍ തീര്‍ത്ഥാടകരുടെ തിരക്ക് ഏറിയതോടെ ദിവസവും നാല് തവണയെങ്കിലും വെള്ളം പമ്പ് ചെയ്ത് എത്തിക്കേണ്ട സ്ഥിതിയാണ്. പേട്ടതുള്ളലിനുപയോഗിച്ച വര്‍ണപ്പൊടികള്‍ തോട്ടില്‍ കഴുകിക്കളയുമ്പോള്‍ മലിനീകരണം വര്‍ധിക്കുന്നു. ദിവസവും പതിനായിരക്കണക്കിനു തീര്‍ത്ഥാടകരാണ് കുളിക്കാനായി തോടിനെ ആശ്രയിക്കുന്നത്. കൃത്യമായി വെള്ളം പമ്പു ചെയ്ത് എത്തിക്കുകയും, മലിനജലം നീക്കുകയും ചെയ്താല്‍ ഒരു പരിധിവരെ തോട്ടിലെ മലിനീകരണം പരിഹരിക്കാന്‍ കഴിയും.
കുളിക്കടവിനു മുമ്പ് കരിംങ്കല്ലുംമൂഴി, ഫോറസ്റ്റ് റേഞ്ച് ഓഫിസ് എന്നിവിടങ്ങളില്‍ താല്‍ക്കാലിക തടയണകള്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ചിട്ടുണ്ടെങ്കിലും തടയണകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം മലിനീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ശുചിത്വ സമുച്ചയങ്ങളിലെ മാലിന്യങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു പിന്‍ഭാഗത്തുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലാണു സംസ്‌കരിക്കുന്നത്. സംസ്‌കരണ പ്രക്രിയയുടെ ഭാഗമായി പ്ലാന്റില്‍ നിന്ന് ഒഴുക്കിവിടുന്ന രാസമിശ്രിതം കലര്‍ന്ന മലിനജലം വലിയതോട്ടിലേയ്ക്കാണ് എത്തുന്നത്.
തുടര്‍ന്ന് കുളിക്കടവിലെ മാലിന്യങ്ങളും എല്ലാം ഉള്‍പ്പെടെ മണിമലയാറ്റിലെ കൊരട്ടിയില്‍ എത്തുന്നു. സമീപത്തു തന്നെ ഒരു ഡസനോളം കുടിവെള്ളപദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത് മണിമലയാറ്റിലാണ്.
Next Story

RELATED STORIES

Share it