ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവള നിര്‍മാണംധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഇടത്താവളങ്ങള്‍ നിര്‍മിക്കുന്നതിന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു. വിശാലമായ ഹാള്‍, ഭക്ഷണശാല, ശുചിമുറികള്‍ എന്നീ സൗകര്യങ്ങളുള്ള ഇടത്താവളങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 10 കേന്ദ്രങ്ങളിലാണു നിര്‍മിക്കുന്നത്. ഇതിനായി 212 കോടി രൂപയാണ് ചെലവഴിക്കുന്നത്.
വിവിധ പ്രദേശങ്ങളില്‍ ഇടത്താവളങ്ങള്‍ നിര്‍മിക്കുന്നതിന് ഐഒസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാധ്യത സര്‍ക്കാര്‍ ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐഒസിയുമായി ധാരണയിലെത്തിയത്.
ദേവസ്വം ബോര്‍ഡുകളുടെ അധീനതയിലുള്ള ഭൂമിയില്‍ ഇടത്താവളസമുച്ചയം നിര്‍മിച്ചുനല്‍കുന്നതിനു പകരമായി അനുയോജ്യമായ സ്ഥലത്ത് പമ്പ് സ്ഥാപിക്കാന്‍ ഐഒസിക്ക് ദേവസ്വം ബോര്‍ഡ് ഭൂമി നല്‍കാവുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഈ നിര്‍ദേശത്തിനനുസൃതമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 സ്ഥലങ്ങള്‍ ഇടത്താവള നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്. പമ്പ് സ്ഥാപിക്കുന്നതിന് അനുവദിക്കുന്ന സ്ഥലത്തിന്റെ തറവാടക 30 വര്‍ഷത്തേക്കുള്ളത് സംയോജിപ്പിച്ചുകൊണ്ടുള്ള ആകെ തുകയുടെ ആനുപാതികമായ തുകയ്ക്കുള്ള കെട്ടിടസൗകര്യങ്ങളാണ് ഇടത്താവള സമുച്ചയമായി ഐഒസി നിര്‍മിച്ചുനല്‍കുന്നത്.
ആദ്യഘട്ടമായി 10 ഇടങ്ങളിലായി വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ ഐഒസി മുതല്‍മുടക്കുന്നത് 102.52 കോടി രൂപയാണ്.
ഐഒസിക്കു വേണ്ടി റീട്ടെയില്‍ ജനറല്‍ മാനേജര്‍ കെ നവീന്‍ ചരണും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി കമ്മീഷണര്‍ എന്‍ വാസു, കൊച്ചി ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി എ ഷീജ, മലബാര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി നെല്ലിയോട് ഭഗവതിക്ഷേത്രം ചെയര്‍മാന്‍ എന്‍ ജയരാജന്‍, കാടാമ്പുഴ ക്ഷേത്രത്തിനെയും തൃത്തല്ലൂര്‍ ക്ഷേത്രത്തിനെയും പ്രതിനിധീകരിച്ച്  എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി സി ബിജുവുമാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it