thrissur local

ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് കല്ലെറിഞ്ഞ സംഭവം: മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്എസ് ശ്രമം പാളി

ചാവക്കാട്: നഗരത്തില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്എസ് ശ്രമം പാളി. സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരല്ലെന്ന് തെളിഞ്ഞതോടേയാണ് വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്എസ് ശ്രമം പൊളിഞ്ഞത്.
അയ്യപ്പഭക്തരുടെ വാഹനത്തിനു നേരേയുണ്ടായ കല്ലേറ് നടന്ന് നിമിഷങ്ങള്‍ക്കകം ചാവക്കാട്ടെത്തിയ ആര്‍എസ്എസുകാര്‍ സ്‌റ്റേഷനിലെത്തി ബഹളം സൃഷ്ടിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നായിരുന്നു ഇവരുടെ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് പോലിസ് അറിയിച്ചെങ്കിലും പിരിഞ്ഞു പോവാതിരുന്ന ആര്‍എസ്എസ് സംഘം മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാരോപിച്ച് സംഭവ ദിവസം നഗരത്തില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. പ്രതികളിലൊരാള്‍ ഗള്‍ഫിലേക്ക് കടക്കുകയും മറ്റൊരാള്‍ ഒളിവില്‍ പോകുകയും ചെയ്തതോടെ പിറ്റേ ദിവസം ആര്‍എസ്എസ് ജില്ലാ നേതാക്കള്‍ ചാവാക്കാട്ടെത്തി സംഭവത്തില്‍ വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിച്ചു.
ഇതിനായി പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും നേതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഗള്‍ഫിലേക്ക് കടന്ന പ്രതികളിലൊരാളായ മുതുവുട്ടൂര്‍ കരിക്കയില്‍ വീട്ടില്‍ ഷെഫീക്ക് നാട്ടിലെത്തി കീഴടങ്ങിയത്. ഇയാള്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്ന് വ്യക്തമായതോടെ ആ ര്‍എസ്എസ് സംഘം പ്രക്ഷോഭ പരിപാടിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
ബൈക്ക് കടത്തി വിടാത്തത് സംബന്ധിച്ച് ബസ് ഡ്രൈവറുമായുണ്ടായ തര്‍ക്കമാണ് കല്ലേറിന് കാരണമായതെന്നും ബസില്‍ ശബരിമല തീര്‍ഥാടകരാണ് സഞ്ചരിച്ചിരുന്നതെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ഷെഫീക്ക് പോലിസിന് മൊഴി നല്‍കിയിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതിക്കും മുസ്‌ലിം ലീഗുമായി ബന്ധമില്ലെന്ന് വ്യക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it