ശബരിമല: തങ്കയങ്കി ഘോഷയാത്രയ്ക്കു തുടക്കം

പത്തനംതിട്ട: ശബരിമല ശ്രീഅയ്യപ്പവിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു. എല്ലാ വര്‍ഷവും മണ്ഡലപൂജയ്ക്കു തങ്കയങ്കി ചാ ര്‍ത്തിയാണു ദീപാരാധന. തങ്കയങ്കി സൂക്ഷിക്കുന്നതിനു പുതുതായി പണികഴിപ്പിച്ച പേടകം 21നു സന്നിധാനത്തു സമര്‍പ്പിച്ച ശേഷം ഇന്നലെ രാവിലെ ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തിച്ചു. 25നു രാവിലെ എട്ടിനു പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി പമ്പയിലെത്തും. പമ്പയില്‍ നിന്നു തങ്കയങ്കികള്‍ മൂന്നു പേടകങ്ങളിലാക്കി ഉച്ചയ്ക്കു ശേഷം ഘോഷയാത്രയായി സന്നിധാനത്തേക്കു തിരിക്കും. അഞ്ചിനു ശരംകുത്തിയിലെത്തും. ക്ഷേത്ര നട തുറന്ന ശേഷം തങ്കയങ്കി സ്വീകരിക്കുന്ന സംഘം സോപാനത്ത് എത്തി ദര്‍ശനം നടത്തും. തുടര്‍ന്നു തങ്കയങ്കി പേടകം ക്ഷേത്രത്തിനുള്ളില്‍ എത്തിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നു പേടകം ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്നു നടയടച്ച് തങ്കയങ്കി അയ്യപ്പവിഗ്രഹത്തില്‍ അണിയിച്ചു ദീപാരാധനയ്ക്കായി നട തുറക്കും. 26നു രാവിലെ 11.04നും 11.40നും മധ്യേയാണു മണ്ഡലപൂജ. ഈ സമയത്തു തങ്കയങ്കി അയ്യപ്പവിഗ്രഹത്തില്‍ വീണ്ടും ചാര്‍ത്തും. 26നു രാത്രി 11നു ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41 ദിവസത്തെ മണ്ഡല ഉല്‍സവത്തിനു സമാപനമാവും.
Next Story

RELATED STORIES

Share it