ശബരിമല ക്ഷേത്രത്തിനെതിരേ ആസൂത്രിത പ്രചാരണമെന്ന് സംശയം: പത്മകുമാര്‍

ശബരിമല: ശബരിമല ക്ഷേത്രത്തിനെതിരേ അന്യസംസ്ഥാനങ്ങളിലടക്കം ആസൂത്രിതമായി വ്യാപകമായ പ്രചാരണം നടക്കുന്നതായി സംശയിക്കുന്നുണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സന്നിധാനത്ത് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുഴലിക്കാറ്റിനെ തുടര്‍ന്നും മറ്റും ശബരിമല നടയടച്ചു എന്നപേരില്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന പ്രചാരണം ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നാണോ എന്നു സംശയമുണ്ട്. ശബരിമല ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയായ ആന്ധ്രക്കാരിയെ രണ്ടു തവണയാണ് പമ്പയില്‍ നിന്നു ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പിടികൂടി തിരിച്ചയച്ചത്. പിറ്റേന്ന് 106 യുവതികളും തൊട്ടുപിന്നാലെ 68 പേരുമാണ് ദര്‍ശനത്തിനായി പമ്പയിലെത്തിയത്. പോലിസിന്റെയും ദേവസ്വത്തിന്റെയും ജാഗ്രത്തായ ഇടപെടല്‍ മൂലമാണ് ഇവര്‍ സന്നിധാനത്ത് എത്താതിരുന്നത്.  ഇതിനൊപ്പം ക്ഷേത്രഭണ്ഡാരത്തിന്റെ വരുമാനം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്നും ഭണ്ഡാരങ്ങളില്‍ കാണിക്കയിടരുതെന്നും പ്രചാരണം ശക്തമാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബര്‍ 2 വരെ 12 കോടി രൂപയുടെ വരുമാനവര്‍ധനയാണ് ഇത്തവണയുണ്ടായത്.
എന്നാല്‍, വിരുദ്ധ പ്രചാരണങ്ങള്‍ക്കെല്ലാം സംഘടിത സ്വഭാവമുണ്ട്. ഇതു പരിശോധിക്കും. നവമാധ്യമങ്ങളിലെ പ്രചാരണം സംബന്ധിച്ചു സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ മറ്റു വിഭാഗത്തില്‍പെട്ടവര്‍ കച്ചവടം നടത്തരുതെന്നു പറയുന്നത് രാഷ്ട്രീയ വലുപ്പമില്ലായ്മയാണെന്നു ജനങ്ങള്‍ തിരിച്ചറിയുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it