Flash News

ശബരിമല ഉല്‍സവത്തിനു കൊടിയേറി



ശബരിമല: മംഗളവാദ്യങ്ങളുടെയും ശരണാരവങ്ങളുടെയും അകമ്പടിയോടെ സന്നിധാനത്ത് ഉല്‍സവത്തിനു കൊടിയേറി. ഇന്നലെ രാവിലെ 9.15നും 10.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തിലും മേല്‍ശാന്തി ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലുമാണ് പുതിയ സ്വര്‍ണക്കൊടിമരത്തില്‍ കൊടിയേറ്റ് നടന്നത്. പുതിയ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയുടെ ഭാഗമായി ഇന്നലെ രാവിലെ 7 മണിയോടെ നാലാം കലശമാടിക്കഴിഞ്ഞ് നേരത്തേ കൊടിമര പ്രതിഷ്ഠയ്ക്ക് ഏറ്റിയ കൊടിയിറക്കി. തുടര്‍ന്ന് മണ്ഡപത്തില്‍ പുതിയ കൊടിക്കൂറ പൂജിച്ച ശേഷം തന്ത്രി ശ്രീകോവിലില്‍ കൊണ്ടുപോയി ദേവചൈതന്യത്തെ കൊടിക്കൂറയിലേക്ക് ആവാഹിച്ച് പാണി കൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ചു. ശേഷം കൊടിമരച്ചുവട്ടിലെ പ്രത്യേക പൂജകള്‍ നടത്തി തന്ത്രി കൊടിയേറ്റി. ഇക്കുറി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ജയരാജന്‍ എന്ന ആനയാണ് ഉല്‍സവദിനങ്ങളില്‍ അയ്യപ്പസ്വാമിയുടെ തിടമ്പേറ്റുന്നത്. ഇന്നു മുതല്‍ പള്ളിവേട്ട ദിനം വരെ ഉല്‍സവബലി ഉണ്ടായിരിക്കും. അഞ്ചാം ഉല്‍സവദിനമായ ജൂലൈ 2നു വിളക്കെഴുന്നള്ളിപ്പ് നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മെംബര്‍ കെ രാഘവന്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ രവിശങ്കര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it