Pathanamthitta local

ശബരിമല: അനുവദിച്ച തുക ചെലവഴിക്കാന്‍ സാധിക്കുന്നില്ല- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍



ചെങ്ങന്നൂര്‍: ശബരിമല വികസനത്തിന് അനുവദിച്ച 304 കോടി രൂപ ചെലവഴിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ പ്രതികൂലമായ പരാമര്‍ശനങ്ങള്‍, വനവുമായി ബന്ധപ്പെട്ട കേന്ദ്രനിയമം, സ്വാഭാവികമായി ഉണ്ടാകാറുള്ള ചുവപ്പുനാടയിലെ കുരുക്കുകള്‍, നാട്ടില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന രീതികള്‍ തുടങ്ങിയ കാരണങ്ങളാണ് പദ്ധതികളാവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതില്‍ തടസങ്ങളായി നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റയില്‍വേയുടെ ശബരിമലയുടെ പ്രധാന പ്രവേശന കവാടവും, സര്‍ക്കാരിന്റെ ഇടത്താവളവുമായ ചെങ്ങന്നൂരില്‍ മണ്ഡല -മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്തി. ശബരിമല തീര്‍ഥാടനം മാലിന്യരഹിതമാക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം പരമാവധി ഒഴിവാക്കി ചുക്കുവെള്ളം നല്‍കണം. ഹോട്ടലുകളിലെ വില വര്‍ധനയും ശുചിത്വവും കൃത്യമായി അവലോകനം ചെയ്യുവാനും, ഓട്ടോ ടാക്‌സിക്ക് നിരക്കുകള്‍ നിശ്ചയിക്കുന്നതിനും, അധികചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി നിരോധിക്കുമെന്നും നഗരത്തില്‍ ട്രാഫിക്ക് നിയന്ത്രണത്തിന് കൂടുതല്‍ പോലിസുകാര്‍ക്ക് ചുമതല നല്‍കുവാനും സിസി ടിവി ക്യാമറ സ്ഥാപിക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്തി നിര്‍ദ്ദേശം നല്‍കി.ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കൂടുതല്‍ തുക അനുവദിക്കണമെന്നുള്ള ആവശ്യങ്ങളെ സംബന്ധിച്ച് പരിശോധിച്ചു തീരുമാനിക്കാമെന്നും അറിയിച്ചു. യോഗത്തില്‍ അഡ്വ. കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മെമ്പര്‍ കെ രാഘവന്‍, നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ അസ്വ. ഡി വിജയകുമാര്‍, കെ കരുണാകരന്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, റയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it