ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടനാവിരുദ്ധം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് പ്രഥമദൃഷ്ട്യാ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിംകോടതി. ഇതുസംബന്ധിച്ച കേസ് പരിഗണിക്കവെയാണു പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന നിരീക്ഷണം.
ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും സ്ത്രീകള്‍ ദൈവത്തെ ആരാധിക്കുന്നത് തടയാന്‍ ക്ഷേത്രഭാരവാഹികള്‍ക്ക് എന്തധികാരമാണുള്ളതെന്നും കോടതി ചോദിച്ചു. ശബരിമലയിലെത്തുന്ന ഭക്തരെല്ലാം 41 ദിവസം കഠിനവ്രതമെടുത്താണ് അയ്യപ്പനെ ദര്‍ശിക്കുന്നതെന്ന് എങ്ങനെ ഉറപ്പിച്ചുപറയാന്‍ കഴിയും? ദൈവത്തെ ആര്‍ക്കും ആരാധിക്കാം. കാരണം, ദൈവം സര്‍വവ്യാപിയാണെന്നും കോടതി വ്യക്തമാക്കി.
പത്തിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍നിന്ന് വിലക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ ദീപക് മിശ്ര, പിനാകി ചന്ദ്രഘോഷ്, എന്‍ വി രമണ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്. ആര്‍ത്തവം സ്ത്രീകളുടെ കഴിവുകേടായി കാണരുത്. അതൊരു ശാരീരികാവസ്ഥയാണ്. ജീവശാസ്ത്രപരമായ കാരണങ്ങളുടെ പേരില്‍ വിവേചനം പാടില്ല. സ്ത്രീകള്‍ക്കു ഭരണഘടനാപരമായി തന്നെ പ്രത്യേക വ്യക്തിത്വമുണ്ട്. അതില്ലാതാക്കാന്‍ ക്ഷേത്രഭാരവാഹികള്‍ക്കു സാധിക്കില്ല. മാതാവിന് കൂടുതല്‍ പരിഗണന നല്‍കുകയെന്നതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നിരിക്കെ സ്ത്രീകളെ എങ്ങനെയാണ് ക്ഷേത്രങ്ങളില്‍നിന്നു മാറ്റിനിര്‍ത്തുക? വിശ്വാസാചാരങ്ങള്‍ക്കു ഭരണഘടനയെ മറികടക്കാനാവുമോ എന്നും കോടതി ആരാഞ്ഞു. ഭിന്നലിംഗക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നുണ്ടോയെന്ന് വാദം കേള്‍ക്കവെ ജഡ്ജി ചോദിച്ചു. കൃത്യമായി അറിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
കേസില്‍ രണ്ട് അമിക്കസ്‌ക്യൂറിമാരെ നിയോഗിച്ചിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആത്മീയവും ഭരണഘടനാപരവുമായ വശങ്ങള്‍ പരിശോധിക്കണമെന്നാണ് നിര്‍ദേശം നല്‍കിയതെങ്കിലും രണ്ടുപേരും പരസ്പരവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്.
Next Story

RELATED STORIES

Share it