Pathanamthitta local

ശബരിമലയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിക്കും: അടൂര്‍ പ്രകാശ്

പത്തനംതിട്ട: ശബരിമലയില്‍ ദുരന്ത നിവാരണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി ഷോര്‍ട്ട് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പമ്പയില്‍ ആരംഭിച്ച എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തനിക്കും ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ക്കുമുള്‍പ്പെടെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ഇതിലൂടെ സാധിക്കും. കഴിഞ്ഞ ദിവസം പമ്പയില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം നമുക്കൊരു പാഠമാണ്. ഇത്തരം സന്ദര്‍ഭത്തെ നേരിടുന്നതിന് സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ലഭ്യമാക്കും.
പമ്പയില്‍ മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നാല് ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയാണ് ഒരാള്‍ക്ക് ചുമതല. കൊച്ചുപമ്പ പോലെയുള്ള സ്ഥലങ്ങളില്‍ ദുരന്തമുണ്ടായാല്‍ അറിയിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കണം. ബിഎസ്എന്‍എല്ലുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. എമര്‍ജന്‍സി ഓപറേഷന്‍ സെന്ററിലെ സംവിധാനത്തിലൂടെ തീര്‍ഥാടന പാതയിലെ കാര്യങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തി. സുരക്ഷാ ദര്‍ശനം എന്ന പേരില്‍ തീര്‍ഥാടകരെ ബോധവല്‍ക്കരിക്കുന്നതിന് ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ നോട്ടീസ് ജില്ലാ കലക്ടര്‍ക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
ഈ തീര്‍ഥാടന കാലം മുഴുവന്‍ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. പമ്പ പോലിസ് സ്‌പെഷ്യല്‍ ഓഫിസര്‍ തോംസണ്‍, ഐഎല്‍ഡിഎം ഡയറക്ടര്‍ കേശവ് മോഹന്‍, വാര്‍ഡംഗം രാജന്‍ വെട്ടിക്കല്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി വി സുഭാഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it