ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ തടയില്ല: മുല്ലപ്പള്ളി

തൃശൂര്‍: ശബരിമലയിലേക്കു പ്രവേശിക്കുന്ന സ്ത്രീകളെ തടയുന്ന നിലപാട് കോണ്‍ഗ്രസ്സിനില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവതികളെ തടയുമെന്ന കെ സുധാകരന്റെ നിലപാട് പാര്‍ട്ടി നിലപാടല്ല. എന്നാല്‍, 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയിലേക്ക് പോവരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കുന്ന പുനപ്പരിശോധനാ ഹരജിയില്‍ സുപ്രിംകോടതിയിലെ പ്രഗല്‍ഭ അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്‌വിയും ഹാജരാവും. പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ട എല്ലാ സഹായവും ചെയ്തുനല്‍കാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം പി സി ചാക്കോയ്ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കരുത്. ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കരുതെന്നു മുല്ലപ്പള്ളി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിഗൂഢമായ അജണ്ടയുണ്ട്.
വിശ്വാസികള്‍ക്കൊപ്പമാണ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്. ശബരിമലയെ അയോധ്യയാക്കി മാറ്റാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളല്ല ആരാധനാലയങ്ങള്‍.
ക്ഷേത്രങ്ങളില്‍ പോവുന്നവര്‍ക്ക് ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ജാതിമത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന നയമാണ് സിപിഎമ്മിന് എന്നുമുള്ളത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും ഇതേ നയമാണ് അവര്‍ സ്വീകരിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കെപിസിസി പ്രസിഡന്റായതിനു ശേഷം ആദ്യമായി തൃശൂരിലെത്തിയ മുല്ലപ്പള്ളിക്ക് ഡിസിസി ഓഫിസില്‍ സ്വീകരണം നല്‍കി.

Next Story

RELATED STORIES

Share it