ശബരിമലയില്‍ കാണിക്കയെണ്ണുന്ന ജീവനക്കാര്‍ക്ക് പ്രാകൃത പരിശോധന

സുനില്‍ ഇലന്തൂര്‍

കോഴഞ്ചേരി: ശബരിമല ഭണ്ഡാരത്തിലെ കാണിക്കയെണ്ണുന്ന ജീവനക്കാര്‍ക്ക് പ്രാകൃത പരിശോധനയെന്നു പരാതി. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരില്‍ പോലിസ് നടത്തുന്ന ദേഹപരിശോധന മനുഷ്യാവകാശങ്ങളുടെ പരിധി ലംഘിക്കുന്നതായാണ് ആക്ഷേപം. ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഷര്‍ട്ടോ അടിവസ്ത്രമോ ധരിക്കുന്നതിന് അനുവാദമില്ല. എന്നാല്‍, ഭണ്ഡാരത്തില്‍ ജോലിക്കെത്തുന്ന പോലിസുകാര്‍ക്ക് ഇത്തരത്തില്‍ യാതൊരു നിയന്ത്രണവുമില്ല. ഇവര്‍ ജീന്‍സും യൂനിഫോമും ചെരിപ്പുമെല്ലാം ഇവിടെ ഉപയോഗിക്കുന്നു. പോലിസിനെ പരിശോധിക്കാനും സംവിധാനമില്ല. ഭണ്ഡാരത്തിന്റെ വീഡിയോ പോലിസ് മുഴു വന്‍ സമയവും ചിത്രീകരിക്കുന്നുണ്ട്.
ജീവനക്കാരുടെ ബാത്ത്‌റൂം പോലും വീഡിയോ നിരീക്ഷണത്തിലാണ്. ഇതിനെതിരേ ദേവസ്വം ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം ചില പ്രമുഖ പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ ഏറെ പ്രതികാരബുദ്ധിയോടെയുള്ള ശരീരപരിശോധനയാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് ആക്ഷേപം. സ്വകാര്യഭാഗങ്ങളില്‍ വരെ പരിശോധന നടത്തുന്ന പോലിസിന്റെ നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷനെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ദേവസ്വം ജീവനക്കാരുടെ സംഘടനകള്‍. ദേഹപരിശോധനയെ തുടര്‍ന്ന് ചില ജീവനക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും പരാതിയുണ്ട്.
നാണയങ്ങള്‍ എണ്ണുന്നതിന് ആധുനികയന്ത്രങ്ങളും നിരീക്ഷണത്തിന് അത്യാധുനിക സ്‌കാനറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ദരിദ്ര രാജ്യങ്ങളില്‍ പോലും വ്യാപകമാവുമ്പോഴും കോടികള്‍ വരുമാനമുള്ള ശബരിമലയില്‍ ഇവ പ്രയോജനപ്പെടുത്താത്തതു ദുരൂഹമാണെന്ന ആക്ഷേപം ശക്തമാണ്.
Next Story

RELATED STORIES

Share it