ശബരിമലയില്‍ ഇന്ന് മകരവിളക്ക്; ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ തീര്‍ത്ഥാടന കാലത്തിനു പരിസമാപ്തിയാവുന്നു

ശബരിമല: ശരണ മന്ത്രങ്ങളാ ല്‍ മുഖരിതമായ തീര്‍ത്ഥാടന കാലത്തിനു പരിസമാപ്തികുറിച്ചു തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും മകരജ്യോതി ദര്‍ശനവും ഇന്ന് നടക്കും. ഇന്ന് പുലര്‍ച്ചെ ഒന്നിന് നടതുറക്കും. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായ കവടിയാര്‍ കൊട്ടാരത്തില്‍നിന്നു നെയ്യ് കൊണ്ടുവന്ന് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യും.
1.27ന് സൂര്യന്‍ ധനുരാശിയില്‍നിന്ന് മകരരാശിയിലേക്ക് കടക്കുന്ന സമയത്താണ് മകര സംക്രമപൂജ. ഇതുകഴിഞ്ഞ് രണ്ടിന് നടയടയ്ക്കും. തുടര്‍ന്ന് പതിവുപോലെ പൂജകള്‍ക്കും നെയ്യഭിഷേകത്തിനുമായി മൂന്നിന് നട തുറക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന വൈകീട്ട് 6.40നാണ്. മകരജ്യോതി ദര്‍ശനത്തിനു മുന്നോടിയായുള്ള പമ്പവിളക്കും പമ്പസദ്യയും ഇന്നലെ നടന്നു. ധര്‍മശാസ്താവിന് മകരസംക്രമപൂജ നടത്താനുള്ള രണ്ടു ദിവസത്തെ ശുദ്ധിക്രിയകളും സമാപിച്ചു.
ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 25 കലശം എന്നിവയാണ് ഇന്നലെ നടത്തിയത്. മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വൈകീട്ട് നാലിനു ശരംകുത്തിയില്‍ എത്തും.
സോപാനത്തില്‍ ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു തിരുവാഭരണ പേടകം ഏറ്റുവാങ്ങും. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി അയ്യപ്പസ്വാമിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും.
ഈ സമയത്താണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. മകരവിളക്ക് ദിവസം ഉച്ചയ്ക്ക് 12 മണിക്കുശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ല. അന്ന് 12.30ന് നടക്കുന്ന ഉച്ചപൂജയ്ക്കുശേഷം തീര്‍ത്ഥാടകരെ പതിനെട്ടാംപടി ചവിട്ടാനും അനുവദിക്കില്ല. അതുപോലെ മകരവിളക്ക് ദിവസം വെളുപ്പിന് ഒരു മണിക്ക് നടതുറന്ന് 2 മണിക്ക് നട അടച്ച ശേഷം മൂന്ന് മണിക്ക് ക്കുന്നതോടെ മാത്രമേ ഭക്തരെ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കാറുള്ളൂ. മകരവിളക്ക് ദിവസം മുതല്‍ 19 വരെ തുടര്‍ച്ചയായി അഞ്ചുദിവസം എഴുന്നെള്ളത്ത് നടത്തും.
Next Story

RELATED STORIES

Share it