ശബരിമലയില്‍ ആറാട്ടെഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി; 11 പേര്‍ക്കു പരിക്ക്

ശബരിമല: ഉല്‍സവത്തിന്റെ സമാപനദിവസം ശബരിമലയില്‍ വീണ്ടും ആന വിരണ്ടോടി. ഇന്നലെ രാവിലെ 10.30ന് ആറാട്ടെഴുന്നള്ളിപ്പിനിടെ ശരണപാതയില്‍ അപ്പാച്ചിമേട്ടിലാണ് സംഭവം. ആന വിരണ്ടോടിയതിനെ തുടര്‍ന്ന് ആനപ്പുറത്ത് തിടമ്പു പിടിച്ചിരുന്ന ശാന്തിക്കാരന്‍ അടക്കം 11 പേര്‍ക്കു പരിക്കേറ്റു.
ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് വരുമ്പോഴാണു അപകടം. ആനവിരണ്ടതിനെ തുടര്‍ന്ന് ഭഗവാന്റെ തിടമ്പ് കൈയിലേന്തിയാണ് ഘോഷയാത്ര പൂര്‍ത്തിയാക്കിയത്. പന്‍മന ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്. തിടമ്പു പിടിച്ചിരുന്ന തൃശൂര്‍ സ്വദേശിയായ വിനീത് നമ്പൂതിരി(37)ക്കാണു സാരമായി പരിക്കേറ്റത്. തിടമ്പുമായി ആനപ്പുറത്തു നിന്നു വീണ് പരിക്കേല്‍ക്കുകയായിരുന്നു. തലയ്ക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്ക ല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീതിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആന ഓടുന്നതു കണ്ട് പേടിച്ചോടി വീണും മറ്റുമാണ് മറ്റുള്ളവര്‍ക്കു പരിക്കേറ്റത്. നാഗര്‍കോവില്‍ സ്വദേശി ചന്ദ്രശേഖരന്‍, പോലിസ് ഉദ്യോഗസ്ഥനായ അരുണ്‍, കായംകുളം സ്വദേശി കൃഷ്ണകുമാര്‍, വിജയവാഡ സ്വദേശി ചന്ദ്രശേഖര റാവു, ആനയുടെ പാപ്പാന്‍ കൊല്ലം സ്വദേശി കൃഷ്ണകുമാര്‍, ആന്ധ്രപ്രദേശില്‍ നിന്നുള്ള രഘുറാം, കായംകുളം സ്വദേശി പ്രദീപ്കുമാര്‍, ചിറയിന്‍കീഴ് സ്വദേശികളായ സുധികുമാര്‍, അര്‍ജുന്‍, തകഴിയില്‍നിന്നുള്ള ഉദയകുമാര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്.
അപ്പാച്ചിമേട്ടില്‍ പഴയ കാര്‍ഡിയോളജി സെന്ററിന് സമീപം എത്തിയപ്പോള്‍ ആനയുടെ കാല്‍ പടിയില്‍നിന്ന് തെറ്റിപ്പോയതാണ് പരിഭ്രമിക്കാന്‍ കാരണമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.  ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കവെ ചങ്ങല കാലില്‍ കുരുങ്ങിയാണ് പാപ്പാന് പരിക്കേറ്റത്.
കഴിഞ്ഞ 20ന് ഉല്‍സവത്തിനെത്തിച്ചപ്പോഴും ആന പരിഭ്രമിച്ച് ഓടിയിരുന്നു. അന്ന് മധുര സ്വദേശി പാല്‍പാണ്ടി(27)ക്ക് വീണു പരിക്കേറ്റിരുന്നു. രണ്ടു വര്‍ഷം മുമ്പ് തീര്‍ത്ഥാടനത്തിനെത്തിയ സ്ത്രീയെ ആന കുത്തിക്കൊന്ന സംഭവവും ഉണ്ടായി. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടനകാലത്തും ഉല്‍സവങ്ങള്‍ക്കും ആനയെ കൊണ്ടുവരുന്നതിനെതിരേ വനംവകുപ്പ് കോടതിയെ സമീപിക്കും.
Next Story

RELATED STORIES

Share it