ശബരിമലയില്‍ അന്നദാനത്തിന് വിലക്ക്; സുപ്രിം കോടതി ഇടപെടാന്‍ വിസമ്മതിച്ചു

ന്യൂഡല്‍ഹി: ശബരിമലയില്‍ അന്നദാനം നടത്തുന്നതിന് സന്നദ്ധസംഘടനകളെ വിലക്കിയ നടപടിയില്‍ ഇടപെടാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. അനുമതി തേടി ഹരജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ എംവൈ ഇഖ്ബാല്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഹരജികളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി.
ശബരിമലയില്‍ അന്നദാനം നടത്തുന്നതില്‍ നിന്ന് സന്നദ്ധ സംഘടനകളെ വിലക്കിയ ദേവസ്വം ബോര്‍ഡിന്റെ നടപടി ഹൈക്കോടതി നേരത്തേ ശരിവച്ചിരുന്നു. ഇതിനെതിരേ തെലങ്കാനയില്‍നിന്നുള്ള ഭാഗ്യനഗര്‍ അയ്യപ്പ സേവാസമിതി, ജ്യോതി സ്വരൂപ ഭക്ത ബൃന്ദം എന്നീ സംഘടനകളാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സാമൂഹിക സേവനം നടത്താനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 25 വര്‍ഷമായി ശബരിമലയില്‍ അന്നദാനം നടത്തുന്നുണ്ടെന്നും ഇതുവരെ പരാതി ഉയര്‍ന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍, സാമൂഹിക സേവനം ഭരണഘടനാപരമായ അവകാശമല്ലെന്ന് കോടതി വ്യക്തമാക്കി. എന്തിനാണ് ഇവിടെ തന്നെ അന്നദാനം നടത്തണമെന്ന് ശഠിക്കുന്നതെന്നും ബെഞ്ച് ചോദിച്ചു. രാജ്യത്ത് എവിടെയെല്ലാം പാവങ്ങള്‍ ഉണ്ടോ അവര്‍ക്കൊക്കെ ഭക്ഷണം നല്‍കാമല്ലോ എന്നും കോടതി വ്യക്തമാക്കി. ഇനി ഇവിടെ തന്നെ നടത്തണമെന്നുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാന ഫണ്ടിലേക്ക് സംഭാവന ചെയ്താല്‍ പോരെയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. തുടര്‍ന്ന് ഹരജി പിന്‍വലിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി.
Next Story

RELATED STORIES

Share it