Flash News

ശബരിമലയില്‍ സ്ത്രീകളെ തടയാനാവില്ലെന്ന് സുപ്രീംകോടതി

ശബരിമലയില്‍ സ്ത്രീകളെ തടയാനാവില്ലെന്ന് സുപ്രീംകോടതി
X

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കിയ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ നടപടിയെ വിമര്‍ശിച്ച കോടതി എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ആരാഞ്ഞു.
സ്ത്രീകള്‍ക്ക് ആര്‍ത്തവം നടക്കുന്ന കാലഘട്ടം എന്നതിന്റെ അടിസ്ഥാനത്തിലാണ് പത്ത് വയസ്സ് മുതല്‍ അന്‍പത് വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അമിക്കസ് ക്യൂറി വിശദീകരിച്ചു. എന്നാല്‍ പത്ത് വയസ്സിന് മുന്‍പേ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കാമെന്നും അന്‍പത് വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ ആര്‍ത്തവം തുടരാം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രം പൊതുസ്വത്താണ്. പൊതുസ്വത്താണെങ്കില്‍ അവിടെ എല്ലാ പൗരന്‍മാര്‍ക്കും അവിടെ പ്രവേശിക്കാന്‍ സാധിക്കണം. സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തൊട്ടുകൂടായ്മയാണെന്ന പരാമര്‍ശവും സുപ്രീംകോടതി നടത്തിയിട്ടുണ്ട്.
അതിനിടെ ശബരിമലയി!ല്‍ സ്ത്രീകളെ പ്രവേശിപ്പിക്കണ്ട എന്ന മുന്‍നിലപാട് മാറ്റി പറഞ്ഞ കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.  സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കേരളം അടിക്കടി നിലപാട് മാറ്റിയതാണ് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചത്. ശബരിമലയിലെ ആചാരങ്ങള്‍ മാനിച്ചു കൊണ്ട് അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ നയം. ഇക്കാര്യം ഇന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചപ്പോള്‍ ആണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. കേരളം എപ്പോഴും നിലപാട് മാറ്റുകയാണെന്നും ഇത് നാലാം തവണയാണ് കേസില്‍ കേരളം നിലപാട് മാറ്റുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നേരത്തെ വി.എസ് സര്‍ക്കാരിന്റെ കാലത്ത് സ്ത്രീപ്രവേശന വിഷയം സുപ്രീംകോടതിയിലെത്തിയപ്പോള്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ നിലപാട് മാറ്റി. പിന്നീട് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുകയും വി.എസ് സര്‍ക്കാരിന്റെ നയം പിന്തുടരുകയുമായിരുന്നു.
കേസില്‍ ഹര്‍ജിക്കാരുടെ വാദം ഉച്ചയ്ക്ക് മുന്‍പേ കഴിഞ്ഞു.ശേഷം അമിക്കസ് ക്യൂറിയും തന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്‌സ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it