ശബരിമലയിലെ യുവതീ പ്രവേശനം: സിപിഎം സംസ്ഥാന ഘടകത്തിന് കേന്ദ്രകമ്മിറ്റി പിന്തുണ

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാടിനു ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും പാര്‍ട്ടി നിലപാടും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റിയില്‍ റിപോര്‍ട്ട് ചെയ്തു. തുടര്‍ന്നാണു കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിന്റെ നിലപാടിനു പിന്തുണ പ്രഖ്യാപിച്ചത്.
അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതു മുഖ്യ അജണ്ടയായാണു സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചു സഖ്യത്തിന്റെ ഭാഗമാവാനാണു തീരുമാനം. പാര്‍ട്ടി—ക്ക് ശക്തിയില്ലാത്ത വടക്കേ ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന മതനിരപേക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിക്കു പിന്തുണ നല്‍കാനാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കേണ്ടെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിക്കാനാണു കേന്ദ്ര കമ്മിറ്റി തീരുമാനം.
അതേസമയം, ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു ബംഗാള്‍ സംസ്ഥാന ഘടകം. ഇതിനായി പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ധാരണയായിരുന്നെങ്കിലും കോണ്‍ഗ്രസ്സിന് സഖ്യത്തോടു നിലവില്‍ താല്‍പര്യമില്ലാത്തതു തന്നെയാണു പ്രധാന തടസ്സം.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി യുദ്ധം ചെയ്തു നടപ്പാക്കേണ്ടതാണെന്ന നിലപാടല്ല തങ്ങള്‍ക്കുള്ളതെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു. എവിടെയും സ്ത്രീകള്‍ക്ക് വിലക്കു പാടില്ലെന്ന നിലപാടാണു തങ്ങള്‍ക്കുള്ളതെന്നും അതില്‍ മുസ്്‌ലിംപള്ളികളും ഉള്‍പ്പെടുമെന്നും ഇതു സംബന്ധിച്ച ചോദ്യത്തിനു കോടിയേരി പറഞ്ഞു.
തിരുവനന്തപുരത്തെ ബീമാപള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനമുണ്ട്. സ്ത്രീകള്‍ക്കു പള്ളിയില്‍ വിലക്കുണ്ടെങ്കില്‍ അവര്‍ക്ക് മക്കയിലും വിലക്ക് വേണമല്ലോ എന്നും കോടിയേരി ചോദിച്ചു. ഏതു കാര്യത്തിലും സ്ത്രീകള്‍ക്ക് വിവേചനം പാടില്ല. ഭരണഘടന അനുശാസിക്കുന്ന ഈ തത്വം നടപ്പില്‍ വരുത്തണം. അതിന്റെ പ്രായോഗികമായ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കണം. വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തുന്നതു സമവായത്തിനു വേണ്ടിയല്ലെന്നും കോടതി വിധി നടപ്പാക്കാനാണെന്നും കോടിയേരി പറഞ്ഞു.
രണ്ടാം വിമോചനസമരത്തിനു വേണ്ടിയാണ് കോണ്‍ഗ്രസ്സും ബിജെപിയും നീക്കം നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു. ഈ നീക്കത്തെ വിശ്വാസികളെ ഉപയോഗിച്ച് തന്നെ നേരിടും. പ്രതിപക്ഷ നേതാവ് ബിജെപിയുടെ കൈയിലെ കളിപ്പാവയാവുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമാണ് ഇക്കാര്യത്തിലുള്ള സംസ്ഥാന നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസ്സിന്റെ ദേശീയ നിലപാട് അംഗീകരിക്കാത്ത കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it