Pathanamthitta local

ശബരിമലയിലും പമ്പയിലും 4000 പോലിസിന്റെ സേവനം



പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് പമ്പയിലും സന്നിധാനത്തുമായി 4000 പോലീസുകാരുടെ സേവനം ലഭ്യമാകുമെന്ന് എസ്പി സതീഷ് ബിനോ പറഞ്ഞു. പത്തനംതിട്ട പ്രസ്‌ക്ലബിന്റെ ശബരിമല സുഖദര്‍ശനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കൂടാതെ രണ്ട് കമ്പനി എന്‍ഡിആര്‍എഫും ആര്‍എഎഫും സേവനത്തിന് എത്തും. മകരവിളക്കിന് പോലിസുകാരുടെ എണ്ണം കൂട്ടും. സുരക്ഷയുടെ ഭാഗമായി 37 കേന്ദ്രങ്ങളില്‍ കൂടി കാമറകള്‍ സ്ഥാപിക്കും. നിലവില്‍ പമ്പ മുതല്‍ സന്നിധാനം വരെ 35 കാമറകളാണുളളത്. ഇത്തവണ ചാലക്കയത്തിനും പമ്പയ്ക്കുമിടയിലാണ് പുതുതായി കാമറകള്‍ സ്ഥാപിക്കുന്നത്. ആറ് കാമറകള്‍ പ്രത്യേക സാങ്കേതിക വിദ്യയോടു കൂടിയതാണ്. പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന ഇവയില്‍ ആളുകളോ വസ്തുവോ പത്തു മിനിട്ടില്‍ കൂടുതല്‍ കാണപ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അലര്‍ട്ട് മെസേജ് എത്തും.  സുരക്ഷാ ജീവനക്കാര്‍ക്ക് അടിയന്തര ഇടപെടലിന് ഇതുപകരിക്കും.ശബരിമല പാതകളില്‍ സ്‌കാനറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് 3. 5 കോടി അനുവദിച്ചിട്ടുണ്ട്. തീര്‍ഥാടനത്തിനു മുമ്പുതന്നെ കാമറകളും സ്‌കാനറുകളും സ്ഥാപിക്കും. റോഡ് സുരക്ഷയുടെ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ അതത് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കാമറകള്‍ സ്ഥാപിക്കും. കാനനപാതകളിലടക്കം തീര്‍ഥാടകരുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകും. തീര്‍ഥാടനകാലത്ത് അയ്യപ്പന്‍മാരുടെ വേഷത്തില്‍ ലഹരികടത്തുകാര്‍ എത്തുന്നത് തടയും. ഇതിന് തമിഴ്‌നാട് പോലീസുമായി സഹകരിക്കും. അതിര്‍ത്തികളില്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കും. എക്‌സൈസുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനവും ഉണ്ടാകും. നവംബര്‍ 15 മുതല്‍ ജനുവരി 20 വരെ ആറ് ഘട്ടങ്ങളിലായാണ് വിവിധ പോലീസ് സംഘങ്ങള്‍ സേവനത്തിന് എത്തുക. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it