Pathanamthitta local

ശബരിമലയിലും പമ്പയിലും ദിവസം130 ലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യും



പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു തീര്‍ഥാടനകാലത്ത്  ജലവിഭവവകുപ്പ് 130 ലക്ഷം ലിറ്റര്‍ വെള്ളം ദിവസവും വിതരണം ചെയ്യുമെന്ന് മന്ത്രി മാത്യു തോമസ് പറഞ്ഞു. മണ്ഡലകാലത്തിന്റെ പ്രാരംഭത്തില്‍ 53 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച എരുമേലി ശുദ്ധജല വിതരണ പദ്ധതി കമ്മിഷന്‍ ചെയ്യും. പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സുഖദര്‍ശനം സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിലും പരിസരപ്രദേശങ്ങളിലും പ്രതിദിനം 60 ലക്ഷം ലിറ്ററും ശബരിമലയിലും പമ്പ മുതല്‍ സന്നിധാനംവരെയുള്ള പാതയിലുമായി 70 ലക്ഷം ലിറ്റര്‍ ശുദ്ധജലവുമാണ് വിതരണം ചെയ്യുന്നത്. ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കൊണ്ടുവരുന്നത് നിരോധിച്ചിട്ടുള്ള സാഹചര്യത്തില്‍ അയ്യപ്പഭക്തരുടെ ഏക ആശ്രയം ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളമാണ്. മണിക്കൂറില്‍ 5000 ലിറ്റര്‍ ശുദ്ധജലം ഉല്‍പാദിപ്പിക്കുന്ന അഞ്ച് പ്ലാന്റുകള്‍ പമ്പ ഓഫിസ് പരിസരം, ത്രിവേണി, ശരംകുത്തി, മരക്കൂട്ടം, സന്നിധാനം, ഐബി എന്നിവിടങ്ങളിലായി സ്ഥാപിക്കും. കെഎസ്ആര്‍ടിസി, ഹില്‍ടോപ്പ് എന്നിവിടങ്ങളിലായുള്ള രണ്ട് പ്ലാന്റുകള്‍ മണിക്കൂറില്‍ 2000 ലിറ്റര്‍ ശുദ്ധജലം ഉത്പാദിപ്പിക്കാന്‍ കഴിയുന്നവയായിരിക്കും. പമ്പ ഓഫീസ് പരിസരം, ത്രിവേണി, സന്നിധാനം, ഐബി നീലിമല ടോപ്പ് എന്നിവിടങ്ങളിലായി മണിക്കൂറില്‍ 1000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റുകളുണ്ടാകും. നിലയ്ക്കല്‍ പാര്‍ക്കിങ്് ഗ്രൗണ്ടില്‍ 1000 ലിറ്റര്‍ ഉത്പാദനശേഷിയുള്ള മൂന്ന് പ്ലാന്റുകള്‍ കൂടി സ്ഥാപിക്കും. പമ്പ മണല്‍പ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സന്നിധാനം പാതയിലുമായി 120 ഓളം വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. ചൂടുവെള്ളം, തണുത്ത വെള്ളം, സാധാരണ വെള്ളം എന്നിവ തരംതരിച്ചു പൈപ്പുകളിലൂടെ എത്തുന്ന 12 ഡിസ്‌പെന്‍സര്‍ യൂനിറ്റുകള്‍ പമ്പ മുതല്‍ സന്നിധാനംവരെയുള്ള സ്ഥലങ്ങളിലായി സ്ഥാപിക്കും. ഇത്തരം ജോലികളെല്ലാം 12നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  ചാലക്കയം, നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ, ഇലവുങ്കല്‍, നാറാണംതോട് എന്നിവിടങ്ങളിലെത്തുന്ന അയ്യപ്പഭക്തര്‍ക്കും പോലിസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം ആവശ്യാനുസരണം വിതരണം ചെയ്യും.
Next Story

RELATED STORIES

Share it