ശനി ക്ഷേത്ര പ്രവേശനം: മുഖ്യമന്ത്രിക്കെതിരേ സ്ത്രീകള്‍ കോടതിയലക്ഷ്യ ഹരജി നല്‍കും

പൂനെ: മഹാരാഷ്ട്രയിലെ ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ ഗ്രാമീണര്‍ തടഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരേ കേസ് വരുന്നു. ഫഡ്‌നാവിസിനെതിരേ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുമെന്ന് ക്ഷേത്രപ്രവേശനത്തിന് വനിതകളെ സംഘടിപ്പിച്ച ഭൂമാതാ രണ്‍രംഗിനി ബ്രിഗേഡിന്റെ അധ്യക്ഷ തൃപ്തി ദേശായി പറഞ്ഞു.
ക്ഷേത്ര പ്രവേശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ശനിയാഴ്ച അദ്ദേഹം അവര്‍ക്കു സംരക്ഷണം നല്‍കിയില്ല. സുപ പോലിസ് സ്റ്റേഷനിലും പ്രാദേശിക ഭരണകൂടത്തിനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ക്ഷേത്രപ്രവേശനത്തിനെത്തിയ തങ്ങളെ ഗ്രാമീണര്‍ മര്‍ദ്ദിച്ചപ്പോള്‍ പോലിസ് നോക്കിനിന്നു. ആക്രമണത്തില്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റെന്നും തൃപ്തി പറഞ്ഞു. കോടതി സ്വമേധയാ മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ കേസെടുക്കുമെന്നാണു കരുതുന്നത്. ഇല്ലെങ്കില്‍ ഹൈക്കോടതി ഉത്തരവു നടപ്പാക്കാത്തതിന് മുഖ്യമന്ത്രിക്കെതിരേ കോടതിയലക്ഷ്യ ഹരജി നല്‍കും. നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനും പദ്ധതിയുണ്ടെന്ന് അവര്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ ലിംഗവിവേചനം പാടില്ലെന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച അഹ്മദ്‌നഗറിലെ ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശനത്തിനെത്തിയത്.
അതേസമയം, തൃപ്തിയുടെ ക്ഷേത്രപ്രവേശന സമരം പ്രശസ്തി നേടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, നിരുത്തരവാദപരമായ പ്രസ്താവനയാണ് ബിജെപി നേതാക്കള്‍ നടത്തുന്നതെന്ന് തൃപ്തി തിരിച്ചടിച്ചു.
Next Story

RELATED STORIES

Share it