Idukki local

ശനിയാഴ്ച ജില്ലയില്‍ ആറ് അസ്വാഭാവിക മരണങ്ങള്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച മരിച്ചത് 6 പേര്‍.ആറു മരണങ്ങളും അസ്വാഭാവിക മരണങ്ങളെന്ന് പോലിസ്.വിവിധ സംഭവങ്ങളിലായി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണങ്ങളെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗവും അന്വേഷണം ആരംഭിച്ചു. ചില സംഭവങ്ങളില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലിസ് അന്വേഷണം നടത്തി വരികയാണ്. കാഞ്ഞാര്‍,കട്ടപ്പന,ശാന്തന്‍പാറ,പീരുമേട്,ഉപ്പുതറ,രാജാക്കാട് എന്നീ പോലിസ് സ്‌റ്റേഷന്‍ പരിധികളിലാണ് അസ്വാഭാവിക മരണങ്ങള്‍ നടന്നത്. കാഞ്ഞാറില്‍ മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ച സംഭവത്തില്‍ മകനെ കാഞ്ഞാര്‍ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തു. നിരന്തരമായി അമ്മയെ പിതാവ് മര്‍ദ്ദിക്കുന്നതില്‍ മനം നൊന്താണ് മകന്‍ പിതാവിനെ കൊലപ്പെടുത്തിയത്. പീരുമേട് , ഏലപ്പാറയില്‍ മണ്‍തിട്ടയില്‍ നിന്നും വീണ് മരിച്ച നിലയിലാണ് ഗൃഹനാഥനെ കണ്ടെത്തിയത്.
ആറു കുട്ടികളുടെ പിതാവാണ് മരിച്ചയാള്‍.സംഭവത്തില്‍ പീരുമേട് പോലിസ് അന്വേഷണം ആരംഭിച്ചു. എറണാകുളത്ത് നിന്നും വിനോദ യാത്രക്കെത്തിയ മൂന്നംഗ സംഘത്തിലെ 22കാരനായ ആഷിന്‍ ഡാമില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു.
ഈ സംഭവവുമായി ബന്ധപ്പെട്ടും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശാന്തന്‍പാറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് 16കാരി ജീവനൊടുക്കിയ സംഭവത്തില്‍ ശാന്തന്‍പാറ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി വരികയാണ്.കുട്ടിയുടെ കൂട്ടുകാരെ ഉള്‍പ്പടെയുള്ളവരെ അടുത്ത ദിവസം പോലിസ് ചോദ്യം ചെയ്യും. കട്ടപ്പനയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.സംഭവത്തില്‍ കട്ടപ്പന പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപ്പുതറയില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഈ കേസിലും ഉപ്പുതറ പോലിസ് അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്‌നങ്ങളും, മദ്യപാനവുമാണ് അസ്വാഭാവിക മരണങ്ങള്‍ക്ക് കാരണമെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. 6 മരണങ്ങളില്‍ ചില സംഭവങ്ങളില്‍ ദുരൂഹത നിലനില്‍ക്കുന്നതായി സപെഷ്യല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്. മരണങ്ങളുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് പോലിസിന്റെ ശ്രമം.
Next Story

RELATED STORIES

Share it