Flash News

ശത്രു സ്വത്തുക്കള്‍ വില്‍പനയ്ക്ക്: മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറായി

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടിയിലധികം വില വരുന്ന രാജ്യത്തെ 9400  ശത്രുസ്വത്തുക്കള്‍ വില്‍പന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ശത്രു സ്വത്തുക്കള്‍ക്ക് കീഴില്‍ ഉള്‍പ്പെടുന്ന സ്ഥാവരജംഗമ വസ്തുക്കളുടെ പട്ടിക സമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ പരിപാലകരോട് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വസ്തുക്കളുടെ മൂല്യനിര്‍ണയം നിര്‍വഹിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ജില്ലാതല സമിതികളും ആഭ്യന്തരമന്ത്രാലയവും ഇതിനോടകം രൂപീകരിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഇതിനു പുറമേ അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി കേന്ദ്ര-സംസ്ഥാന മന്ത്രിതല ഉന്നതാധികാര സമിതിയും രൂപീകരിക്കും.  സ്വത്തുക്കള്‍ നില്‍ക്കുന്ന പ്രദേശത്തിന്റെ മൂല്യം, വില നിര്‍ണയിക്കേണ്ട മാനദണ്ഡങ്ങള്‍ എന്നിവയായിരിക്കും സമിതി പരിഗണിക്കുക. സംസ്ഥാന തലത്തിലുള്ള വസ്തുക്കളുടെ പട്ടിക പരിപാലകന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ദിവസം മുതല്‍ ഒരു മാസത്തിനകം വസ്തുവിന്റെ മൂല്യനിര്‍ണയം പൂര്‍ത്തിക്കാക്കുന്ന തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.
മേല്‍പറഞ്ഞ കമ്മിറ്റികള്‍ക്ക് പുറമേ കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ശത്രുസ്വത്ത് വിനിമയ കമ്മിറ്റിയെന്ന സംവിധാനവും കേന്ദ്രം തയ്യാറാക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി ചെയര്‍മാനായി രൂപീകരിക്കുന്ന സമിതിയില്‍ ധനകാര്യ മന്ത്രാലയം, ഓഹരി പൊതുമുതല്‍ നിയന്ത്രണ വകുപ്പ് ജോയിന്റ് സെക്രട്ടറി, നിയമകാര്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി, കേന്ദ്ര പൊതുമരാമത്ത്  വകുപ്പ് ചീഫ് എന്‍ജിനീയര്‍, ശത്രുസ്വത്ത് പരിപാലകര്‍ എന്നിവരും ഉള്‍പ്പെടുന്നു. ശത്രുസ്വത്ത് വില്‍പന സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്‍കുകയാണ് സമിതിയുടെ പ്രധാന ദൗത്യം. രാജ്യത്തുള്ള 9400 ശത്രുസ്വത്ത് വസ്തുക്കളില്‍ ഇന്ത്യാവിഭജന കാലത്തടക്കം ഉപേക്ഷിച്ചുപോയ പാക് പൗരന്‍മാരുടേതായി 4991 എണ്ണമാണുള്ളത്. 2735 എസ്‌റ്റേറ്റുകളടക്കം ഉള്‍പ്പെടുന്ന ഇവ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണുള്ളത്.
487 എണ്ണം ഡല്‍ഹി കേന്ദ്രീകരിച്ചും സ്ഥിതിചെയ്യുന്നു. ചൈനീസ് പൗരന്‍മാരുടേതായ 156 വസ്തുക്കള്‍ മേഘാലയ,  പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ ചിതറിക്കിടക്കുകയാണ്.
Next Story

RELATED STORIES

Share it