ശത്രുസ്വത്ത് ബില്ല്; എതിര്‍പ്പുമായി ബിജെപി ഇതര സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: വിവാദമായ ശത്രുസ്വത്ത് ബില്ലിലെ വിവിധ വകുപ്പുകളില്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പ്. രാജ്യസഭയുടെ സെലക്ട് കമ്മിറ്റി യോഗത്തില്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യം അറിയിച്ചു. യുദ്ധാനന്തരം പാകിസ്താനിലും ചൈനയിലും കുടിയേറിയവരുടെ സ്വത്തുക്കളുടെ പിന്തുടര്‍ച്ചാവകാശവും കൈമാറ്റവും തടയുന്നതു വ്യവസ്ഥ ചെയ്യുന്നതാണു ബില്ല്. ഇതുസംബന്ധിച്ച് അഭിപ്രായങ്ങള്‍ ആരായാനാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്.
ബിഹാര്‍, കേരളം, അസം എന്നീ സംസ്ഥാനങ്ങളടക്കം ബിജെപി ഇതര സംസ്ഥാനങ്ങള്‍ ബില്ലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഏറെ പ്രയാസമാണെന്നു കേരളവും അസമും വാദിച്ചു. പിന്തുടര്‍ച്ചാവകാശം അംഗീകരിക്കാതിരിക്കുകവഴി ബില്ല് ഇന്ത്യന്‍ പൗരനെപോലും ശത്രുവാക്കി മാറ്റുമെന്നു നിരവധി സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെട്ടു. 15ഓളം സംസ്ഥാനങ്ങളുടെ പ്രതിനിധികളാണു യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ പകുതിയോളം പ്രതിനിധികള്‍ ബില്ലില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
മുന്‍കാലാടിസ്ഥാനത്തിലാണ് നിയമം നടപ്പാക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ഇതനുസരിച്ച് കഴിഞ്ഞ 30 കൊല്ലത്തിനകം ഇത്തരം സ്വത്തുക്കള്‍ വാങ്ങിയവര്‍ക്ക് അതില്‍ യാതൊരു അവകാശവുമുണ്ടാവില്ല. 1968ലെ ശത്രുസ്വത്ത്, നിയമഭേദഗതി ആവശ്യപ്പെടുന്ന 2016ലെ ലോക്‌സഭ പാസാക്കിയതാണ്. മാര്‍ച്ച് 15നാണ് ബില്ല് സുക്ഷമ പരിശോധനയ്ക്കായി രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്കു വിട്ടത്.
Next Story

RELATED STORIES

Share it