World

ശക്തി കുറഞ്ഞു; ഫ്‌ളോറന്‍സ് കാറ്റഗറി രണ്ടിലേക്ക്

ന്യൂയോര്‍ക്ക്: യുഎസ് തീരത്തേക്കടുക്കവെ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് വിഭാഗം രണ്ടിലെത്തി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാവും കാറ്റ് വീശുകയെന്ന് യുഎസ് ദേശീയ ചുഴലിക്കാറ്റ് സെന്റര്‍ അറിയിച്ചു. യുഎസിലെ കാരലൈന തീരത്ത് പതിക്കാനിരിക്കെയാണ് കാറ്റ് വേഗം കുറഞ്ഞ് വിഭാഗം നാലില്‍ നിന്ന് രണ്ടിലെത്തിയത്.
ഫ്‌ളോറന്‍സിനെ നേരിടാന്‍ രാജ്യം തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. നോര്‍ത്ത്, സൗത്ത് കാരലൈനകള്‍, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാറ്റ് കരപതിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ വീടുകളില്‍ നിന്ന് മാറിത്താമസിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുഎസിന്റെ കിഴക്കന്‍ തീരപ്രദേശത്തുനിന്ന് 15 ലക്ഷത്തോളം പേര്‍ക്ക് ഒഴിഞ്ഞുപോവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെട്ടെന്ന് തന്നെ മാറിത്താമസിക്കണമെന്നും ചുഴലിക്കാറ്റും മഴയും ആരംഭിച്ചതിനുശേഷം മാറാന്‍ ശ്രമിക്കരുതെന്നും നോര്‍ത്ത് കാരലൈന ഗവര്‍ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു. മുന്നറിയിപ്പുകള്‍ അനുസരിക്കാതെ ഒട്ടേറെ പേര്‍ വീടുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. മേഖലയില്‍ നിന്നു നിരവധി പേര്‍ പലായനം ചെയ്യുന്നുണ്ട്. ആയിരക്കണക്കിനു വാഹനങ്ങള്‍കൊണ്ടു റോഡുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇതോടെ ഇന്ധനക്ഷാമവും ആരംഭിച്ചു.
1989നു ശേഷം കാരലൈനയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇത്. കരയോടടുക്കുമ്പോഴേക്കും ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചിലെത്തുമെന്ന് മയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഹറിക്കെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് ശക്തി കുറയുകയായിരുന്നു.

Next Story

RELATED STORIES

Share it