Flash News

ശക്തമായ മഴ : ജില്ലാ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം



തിരുവനന്തപുരം: കേരളത്തി ല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താലൂക്കുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ആവശ്യമുള്ളിടത്ത് ദുരിതാശ്വാസകേന്ദ്രങ്ങളും തുറക്കും. മലയോര മേഖലയിലേക്കുള്ള യാത്ര രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെയുള്ള സമയത്ത് പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കണം. മലയോര റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മഴവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതും മരങ്ങള്‍ക്ക് ചുവട്ടിലും പരിസരത്തും വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണം. മഴയുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍ വേഗത കുറച്ച് ഓടിക്കാനും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും ശ്രദ്ധിക്കണം. സ്‌കൂള്‍ വാഹനങ്ങള്‍ കൈകാര്യംചെയ്യുന്നവരും സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.ഈ കാലാവസ്ഥയില്‍ കടലിലും പുഴകളിലും ചാലുകളിലും വെള്ളക്കെട്ടുകളിലും പൊതുജനങ്ങളും വിനോദസഞ്ചാരികളും ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി എന്നിവരുടെ സേവനം ലഭ്യമായിരിക്കും. കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ംംം.റൊമ.സലൃമഹമ.ഴീ്.ശി നിന്നും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.അതേസമയം, ഡെങ്കിപ്പനി പ്രതിരോധത്തിന് അശാസ്ത്രീയവും വ്യാജവുമായ പ്രതിരോധമരുന്നുകളോ ഗുളികകളോ ഉപയോഗിക്കുന്നതുകൊണ്ട് അവ തടയാനോ ഭേദമാക്കാനോ കഴിയില്ലെന്ന് ആരോഗ്യമന്ത്രാലയം. ആയതിനാല്‍ ഇത്തരം പ്രചാരണങ്ങളില്‍ പെട്ടുപോവാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ അശാസ്ത്രീയ മരുന്നുകള്‍ മറ്റ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ഡെങ്കിപ്പനി തടയാന്‍ കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയാണ് ഏക മാര്‍ഗം. വീടിനുള്ളിലും പരിസരത്തും കൊതുക് വരുന്നില്ലെന്ന് ഉറപ്പുവരുത്തണം.  മനുഷ്യരില്‍ നിന്നു മനുഷ്യനിലേക്ക് ഡെങ്കിപ്പനി നേരിട്ട് പകരില്ല. കൊതുകുകളിലൂടെ മാത്രമേ പകരുകയുള്ളൂ. എല്ലാ പനിയും ഡെങ്കിപ്പനിയല്ല. സ്വയം ചികില്‍സ പാടില്ലെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it